തൊടുപുഴ: നഗരത്തിലെ ഗതാഗതപരിഷ്‌കാരത്തെച്ചൊല്ലി സി.പി.എം. പ്രാദേശിക നേതാക്കളും കെ.എസ്.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു.) പ്രവര്‍ത്തകരും തമ്മില്‍ നടുറോഡില്‍ ൈകയാങ്കളി. സംഭവത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.എസ്.നന്ദഗോപന് പരിക്കേറ്റു. നന്ദഗോപന്‍ സി.പി.എം. വഴിത്തല ലോക്കല്‍ കമ്മിറ്റി അംഗമാണ്.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി.വര്‍ഗീസായിരുന്നു കഴിഞ്ഞ ദിവസം അസോസിയേഷന്റെ സമരപ്രഖ്യാപന ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ പ്രാദേശിക നേതാക്കള്‍ തന്നെയാണ് ഇതിനു വിരുദ്ധമായി രംഗത്തുവന്നിരിക്കുന്നത്.

തൊടുപുഴ നഗരത്തില്‍ നടപ്പാക്കിയ ഗതാഗതപരിഷ്‌കരണം കെ.എസ്.ആര്‍.ടി.സി.യെ തകര്‍ക്കാനാണെന്ന് ആരോപിച്ച് ശനിയാഴ്ച മുതല്‍ പരിഷ്‌കരണം ബഹിഷ്‌കരിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അസോസിയേഷന്‍ സൂചനാ ധര്‍ണ നടത്തുകയും കഴിഞ്ഞ ഏഴിന് നഗരസഭാ ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണയില്‍ സമരപ്രഖ്യാപനം നടത്തുകയും ചെയ്തു. ശനിയാഴ്ച മുതല്‍ ബസുകള്‍ പഴയ രീതിയില്‍ ഓടിക്കും എന്നായിരുന്നു പ്രഖ്യാപനം.

ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ പ്രവര്‍ത്തകര്‍ വെങ്ങല്ലൂര്‍ ജങ്ഷനില്‍ എത്തി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തടഞ്ഞ് ആനക്കൂട് വഴി തിരിച്ചുവിട്ടു. എന്നാല്‍ 12.30ഓടെ സി.പി.എം. കൗണ്‍സിലര്‍മാരായ രാജീവ് പുഷ്പാംഗദന്‍, കെ.കെ.ഷിംനാസ്, സി.പി.എം. നേതാവായ റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ കുറച്ചുപേര്‍ സംഘടിച്ചെത്തുകയും ബസുകള്‍ വഴിതിരിച്ച് വിടാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുസ്ലിം ലീഗിലെ സഫിയ ജബ്ബാര്‍, ലീഗ് കൗണ്‍സിലര്‍മാരായ എ.എം.ഹാരിദ്, സി.കെ.ജാഫര്‍ എന്നിവരും സി.പി.എം. പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്നു. ലീഗ് പ്രവര്‍ത്തകരും എത്തി. തുടര്‍ന്നുണ്ടായ തര്‍ക്കം ൈകയാങ്കളിയില്‍ എത്തുകയായിരുന്നു.
സി.പി.എം. നേതാക്കളോടൊപ്പം ഉണ്ടായിരുന്ന ഒരാള്‍ തന്നെ മര്‍ദിക്കുകയും ഡിവൈഡറിലേക്ക് തള്ളിയിടുകയും ചെയ്‌തെന്ന് നന്ദഗോപന്‍ പറഞ്ഞു. താഴെ വീണ ഇദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ നന്ദഗോപനെ തൊടുപുഴ താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് സഹകരണ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.


55
1. തൊടുപുഴ നഗരത്തിലെ ഗതാഗതപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ കെ.എസ്.ആര്‍.ടി.ഇ.എ.(സി.ഐ.ടി.യു.) പ്രവര്‍ത്തകര്‍ വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തിരിച്ചുവിടുന്നു
2. തൊഴിലാളികള്‍ ബസ് തിരിച്ചുവിടുന്നതില്‍ പ്രതിഷേധിച്ച് എത്തിയ സി.പി.എം. പ്രവര്‍ത്തകരില്‍ ലോക്കല്‍ കമ്മിറ്റി അംഗം ഇ.യു.മജീദ് കെ.എസ്.ആര്‍.ടി.ഇ.എ. ജില്ലാ പ്രസിഡന്റും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായ നന്ദഗോപനെ തള്ളുന്നു
3. വീണുകിടക്കുന്ന നന്ദഗോപന്‍
4. പരിക്കേറ്റ നന്ദഗോപനെ സഹപ്രവര്‍ത്തകര്‍ പോലീസ് ജീപ്പില്‍ ആസ്​പത്രിയിലേക്ക് മാറ്റുന്നു