തൊടുപുഴ: അണക്കെട്ടിൽനിന്ന്‌ ആർത്തലച്ചെത്തുന്ന വെള്ളം ചെറുതോണിപ്പാലം മൂടുന്നതിനുമുമ്പ്, അസുഖബാധിതനായ കുട്ടിയെ ദുരന്തനിവാരണ സേനാംഗം മാറോടണച്ച് ഓടുന്ന ചിത്രം 2018-ലെ പ്രളയത്തിൽ കേരളക്കരയൊന്നാകെ ശ്വാസമടക്കിപ്പിടിച്ചുകണ്ട കാഴ്ചകളിലൊന്നായിരുന്നു. പനിമൂലം കണ്ണടച്ചുകിടന്നതിനാൽ അന്ന് കാണാൻ കഴിയാതെപോയ ആ ദൃശ്യം കാണാൻ മൂന്ന് വർഷങ്ങൾക്കിപ്പുറം ആറുവയസ്സുകാരനായ സൂരജ് അച്ഛൻ ഇടുക്കി കോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെ കൈപിടിച്ചെത്തി.

ഡാം തുറക്കുമെന്ന അറിയിപ്പുവന്നപ്പോൾ തനിക്കും കാണണമെന്ന ആഗ്രഹം സൂരജ് അച്ഛനെ അറിയിച്ചു. ആവർത്തനമെന്നോണം ഇത്തവണയും പനി ബാധിതനായിരുന്നു സൂരജ്. വീടിന് പുറത്തേക്ക്‌ കൊണ്ടുപോകാൻ വിജയരാജ് മടിച്ചെങ്കിലും അവസാനം മകന്റെ നിർബന്ധത്തിന് വഴങ്ങി.

ചെറുതോണി പാലത്തിന് മുകളിലെത്തിയപ്പോൾ അച്ഛൻ മകനോട് 2018 ഓഗസ്റ്റിലെ ആ ദിവസത്തെപ്പറ്റിയും പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അന്ന് ഡാം തുറക്കുന്നത് കണ്ടശേഷം ഓഗസ്റ്റ് 10-ന് ഉച്ചയ്ക്ക് വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്തപനിയും ശ്വാസംമുട്ടലുംകൊണ്ട് വിഷമിക്കുന്ന മകനെയായിരുന്നു. കനത്ത മഴപെയ്യുമ്പോഴും അത് വകവയ്ക്കാതെ അവനെ മാറോടണച്ച് വിജയരാജ് വീട്ടിൽനിന്നുമിറങ്ങി.

പാലത്തിനടുത്തെത്തിയപ്പോൾ അക്കരെ വിടാൻ നിർവാഹമില്ലെന്നായി പോലീസ്. എന്നാൽ, കുഞ്ഞിന് പനി കൂടുതലാണെന്ന് ബോധ്യപ്പെട്ടതോടെ മറുകരയിലുള്ള സർക്കിൾ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ദുരന്തനിവാരണ സേനാംഗങ്ങൾ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിടകൊണ്ട് മറുകരയെത്തിച്ചു.

അവിടെനിന്ന് ഓട്ടോറിക്ഷയിൽ കയറി തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകുന്നതാണ്. കൈയിൽ ഒരുരൂപ പോലും ഇല്ലാതിരുന്ന സമയത്ത് സ്വന്തം പോക്കറ്റിൽനിന്ന്‌ പണമെടുത്ത് കൈയിൽ വച്ചോളൂ എന്നുപറഞ്ഞ്‌ തന്ന പോലീസ് ഉദ്യോഗസ്ഥനെ പേരറിയില്ലെങ്കിലും ഇന്നും നന്ദിയോടെ ഇവർ ഓർക്കുന്നു.

ഇടുക്കിയിലെ പ്രളയതീവ്രത ലോകത്തെ അറിയിച്ചതിൽ തന്റെ പങ്കിനെക്കുറിച്ച് അവനറിയില്ലെങ്കിലും കൺകുളിർക്കെ അണക്കെട്ട് തുറക്കുന്നതുകാണാൻ പറ്റിയ സന്തോഷമാണ് സൂരജിന്. അമ്മ: മഞ്ജു. സഹോദരി: മഞ്ജിമ.