IMAGEതൊടുപുഴ: നഷ്ടത്തിലൂടെ കടന്നുപോകുന്ന റബ്ബര്‍ കര്‍ഷകന് ഇരട്ടി ഉത്പാദനം വാഗ്ദാനം ചെയ്ത് വൈദികന്റെ റബ്ബര്‍കൃഷി. തടത്തില്‍ എന്നു പേരിട്ടിരിക്കുന്ന പുതിയയിനം റബ്ബര്‍ ഉപയോഗിച്ച് കൃഷി ചെയ്താല്‍ ഇരട്ടിനേട്ടമുണ്ടാകുമെന്നാണ് കര്‍ഷകന്‍ കൂടിയായ തൊടുപുഴ ഉടുമ്പന്നൂര്‍ ചീനിക്കുഴി താഴത്തെ ബൗണ്ടറിയില്‍ ഫാ.തോമസിന്റെ പക്ഷം. മൂന്നര പതിറ്റാണ്ടു നീണ്ട പ്രയത്‌നത്തിനും നിരീക്ഷണങ്ങള്‍ക്കുമൊടുവിലാണ് ഫാ.തോമസ് പുതിയ ഇനം റബ്ബര്‍ വികസിപ്പിച്ചെടുത്തത്.

ഉല്പാദനത്തിലും വളര്‍ച്ചയിലും സാധാരണ റബ്ബറിനെക്കാള്‍ ഇരട്ടി മെച്ചമാണ് ഈ പുതിയ ഇനം നല്കുന്നത്. പത്തുമരത്തില്‍നിന്ന് ഒന്നര കിലോയോളം ഉണക്ക റബ്ബര്‍ ലഭിക്കും. നിലവില്‍ വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ആര്‍.ആര്‍.ഐ-105നേക്കാള്‍ ഇരട്ടിയാണിത്. പട്ടയുടെ കനവും ഇരട്ടിയാണ്. പാലിനും കൊഴുപ്പുകൂടുതലാണ്.

ടാപ്പുചെയ്ത ഭാഗത്തെ റീപ്പട്ടയാകട്ടെ മൂന്നു വര്‍ഷംകൊണ്ട് വളര്‍ന്ന് പൂര്‍വസ്ഥിതിയിലാവുകയും ചെയ്യും.

1983ല്‍ റബ്ബര്‍ ബോര്‍ഡില്‍നിന്ന് ആര്‍.ആര്‍.ഐ-105 ഇനത്തില്‍പെട്ട 350 കോല്‍തൈകള്‍ വാങ്ങി നട്ടു. അതില്‍ ഒന്ന് തോട്ടത്തില്‍ എല്ലാ അര്‍ഥത്തിലും ഒന്നാമനാവുന്നത് ശ്രദ്ധിച്ചു. ടാപ്പിങ് തുടങ്ങിയപ്പോള്‍ ഒന്നേമുക്കാല്‍ ലിറ്റര്‍ പാല്‍ പ്രതിദിനം ആ മരത്തില്‍നിന്ന് കിട്ടി. പരീക്ഷണാര്‍ഥം ആ മരത്തിന്റെ നേരേ മുകളിലേക്കുള്ള തടി മുറിച്ചുമാറ്റി. ഒരു വര്‍ഷത്തേക്ക് ടാപ്പിങ്ങും ചെയ്തില്ല. ഇതിനിടെ ധാരാളം ഇളംകമ്പുകള്‍ വളര്‍ന്നുവന്നു. അത് മുറിച്ചെടുത്ത് ഒന്നരയേക്കര്‍ സ്ഥലത്ത് റബ്ബര്‍ കുരുപ്പതൈകളില്‍ ബഡ്ഡു ചെയ്തു. ഏഴു വര്‍ഷമായപ്പോഴേക്കും മരങ്ങള്‍ 57 സെന്റീമീറ്ററോളം വളര്‍ച്ചയെത്തി. ആ മരങ്ങള്‍ ടാപ്പുചെയ്തപ്പോള്‍ 130 മരത്തില്‍നിന്ന് 25 കിലോ ഉണക്ക റബ്ബര്‍ കിട്ടി.

ഒരു മരത്തില്‍നിന്നുള്ള ബഡ് വുഡുകളായതിനാല്‍ ഒരേ വണ്ണമുള്ള എല്ലാമരങ്ങളില്‍നിന്നും ഒരേ അളവില്‍ പാല്‍ ലഭിച്ചു. പാലിന് മഞ്ഞ കലര്‍ന്ന നിറമാണ്. ജനിതകഗുണം കൊണ്ടാണിതെന്നാണ് നിഗമനം. ഈ മരത്തിന്റെ മാത്രം ബഡ് വുഡ് ഉപയോഗിച്ച് ചെറിയൊരു നഴ്‌സറിയും തുടങ്ങിയിട്ടുണ്ട്. നിരവധി കര്‍ഷകര്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ട്. തടത്തില്‍ റബ്ബറിന് പേറ്റെന്റ് നേടാനുള്ള ശ്രമത്തിലാണ് വൈദികന്‍. മുന്‍ കേന്ദ്രമന്ത്രി പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച പ്ലാന്റേഷന്‍ സന്ദര്‍ശിക്കുന്നുണ്ട്. റബ്ബര്‍ ഏഷ്യ മാസികയും റബ്ബര്‍ ബോര്‍ഡിന്റെ റബ്ബര്‍ മാസികയും ഫാ.തോമസിന്റെ നേട്ടത്തെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

അസാധാരണ ഉല്പാദനം വ്യക്തമായി- കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍

ഫാ. തോമസിന്റെ തോട്ടത്തില്‍ അസാധാരണമായ ഉല്പാദനം കാണുന്നുണ്ടെന്ന് തോട്ടത്തിലെത്തിലെത്തി പഠനം നടത്തിയ ഇളംദേശം ബ്ലോക്ക് കൃഷി അസി.ഡയറക്ടര്‍ സിസി പി.മാത്യു മാതൃഭൂമിയോടു പറഞ്ഞു. അഞ്ചു മരങ്ങളില്‍ ദിവസങ്ങളോളം നിരീക്ഷണം നടത്തി. അത്യുത്പാദനം ബോദ്ധ്യപ്പെട്ടു. റബ്ബര്‍പാല്‍ അളന്നുനോക്കിയപ്പോഴും ഇക്കാര്യം വ്യക്തമായി. കൂടുതല്‍ ശാസ്ത്രീയപഠനം നടത്തിയാല്‍ മാത്രമേ ജനിതകമാറ്റമാണോ അമിത ജൈവവള സാന്നിധ്യമാണോ ഇതിനു കാരണമെന്നത് വ്യക്തമാകൂ എന്ന് അവര്‍ പറഞ്ഞു.