ആലപ്പുഴ: തണ്ണീർത്തടസംരക്ഷണ നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് തോമസ് ചാണ്ടി എം.എൽ.എ.യുടെ റിസോർട്ടിന്റെ പാർക്കിങ് ഗ്രൗണ്ടിന് നൽകിയ അംഗീകരം സർക്കാർ റദ്ദുചെയ്തു. മുൻ കളക്ടർ എൻ.പത്മകുമാർ നല്കിയ സാധൂകരണമാണ് റദ്ദുചെയ്തത്.

പാർക്കിങ്‌ സ്ഥലത്തിനുവേണ്ടി നികത്തൽ നടത്തിയതായി ടി.വി.അനുപമ കളക്ടറായിരുന്നപ്പോൾ കണ്ടെത്തിയിരുന്നു. സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്ന് ഉത്തരവും നല്കി. എന്നാൽ റിസോർട്ട് അധികൃതർ ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. തണ്ണീർത്തട നിയമപരിധിയിൽവരുന്ന പ്രശ്നമായതുകൊണ്ട് സർക്കാരിനെ സമീപിക്കാൻ കോടതി നിർദേശിച്ചു. തുടർന്ന് സർക്കാർ നടത്തിയ പരിശോധനയിൽ ടി.വി.അനുപമ നല്കിയ റിപ്പോർട്ട് ശരിയാണെന്ന് കണ്ടെത്തി.

നികത്തലുകളെക്കുറിച്ച് പരാതിക്കാരില്ലെന്ന് കാരണംപറഞ്ഞാണ് നിർമാണത്തിന് എൻ.പത്മകുമാർ സാധൂകരണം നല്കിയത്. കളക്ടറുടെ ഉത്തരവ് സർക്കാർ റദ്ദാക്കുന്നത് അപൂർവമാണ്. ഇതോടെ ഈ സംഭവത്തിൽ തോമസ് ചാണ്ടിയെ സർക്കാരും കൈവിട്ടിരിക്കുകയാണ്.

content highlights: thoamas chandy resort parking ground