തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിൽ പുതിയ സത്യവാങ്മൂലം നൽകേണ്ടിവന്നാൽ ആചാരവും ഭക്തരുടെ താത്പര്യവും സംരക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം.

ദേവസ്വം ബോർഡിന്റെ അഭിപ്രായം ഇതുവരെ സുപ്രീംകോടതി ചോദിച്ചിട്ടില്ല. ചോദിച്ചാൽ ഹൈന്ദവ പണ്ഡിതരുടെ അഭിപ്രായം കേട്ടും നിയമപരമായ കാര്യങ്ങൾ പരിഗണിച്ചുമായിരിക്കും നിലപാടെടുക്കുക. യുവതികൾ ശബരിമലയിൽ എത്തുന്നതിനെ എതിർത്ത് പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ബോർഡ് നൽകിയ സത്യവാങ്മൂലം അതേപടി നിലനിൽക്കുകയാണ്. അതിനു വ്യത്യസ്തമായ സത്യവാങ്മൂലം ഇപ്പോൾ നൽകേണ്ടതില്ലെന്നാണ് 13-ന് സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിൽ വാദം തുടങ്ങാനിരിക്കെ ബോർഡിന്റെ തീരുമാനം.

മുമ്പ് നൽകിയ സത്യവാങ്മൂലം നിലനിൽക്കുന്നതിനാൽ കോടതി ആവശ്യപ്പെടാതെ പുതിയ നിലപാട് അറിയിക്കേണ്ടെന്ന് നിയമോപദേശമുണ്ടെന്ന് ബോർഡിന്റെ യോഗത്തിനു ശേഷം പ്രസിഡന്റ് എൻ. വാസു വിശദീകരിച്ചു.

യുവതീപ്രവേശത്തെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്ന് കോടതി ചോദിച്ചാൽ പ്രായോഗികതയും വിധിക്കുശേഷമുണ്ടായ എല്ലാ കാര്യങ്ങളും പരിഗണിച്ചും നിയമപ്രശ്‌നങ്ങൾ പഠിച്ചുമായിരിക്കും തീരുമാനമെടുക്കുക. എന്നാൽ, പഴയതിൽനിന്നു വ്യത്യസ്തമായ അഭിപ്രായം പറയണമെന്നു തോന്നുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

മുന്പ് നൽകിയ സത്യവാങ്മൂലം നിലനിൽക്കെയാണ് കോടതി വിധി പറഞ്ഞത്. ഇതുവരെ ബോർഡിന്റെ അഭിപ്രായം ചോദിച്ച് നോട്ടീസ് വന്നിട്ടില്ലെന്നും ആചാരസംരക്ഷണം ഉറപ്പുവരുത്തിയാണ് ശബരിമലയിൽ കാര്യങ്ങൾ നടക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

ആചാരം: മന്ത്രിയോട് യോജിപ്പെന്ന് എൻ. വാസു.

ശബരിമലയിലെ ആചാരകാര്യങ്ങളിൽ ഹൈന്ദവ പണ്ഡിതരുടെ അഭിപ്രായം തേടണമെന്ന ദേവസ്വംമന്ത്രി കടകംപള്ളിയുടെ അഭിപ്രായത്തോട് വിയോജിക്കേണ്ട കാര്യമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു.

മന്ത്രി പറഞ്ഞത് നേരത്തേതന്നെ സർക്കാരിനുണ്ടായിരുന്ന അഭിപ്രായമാണ്. ബോർഡും അത് പരിഗണിക്കുന്നു. ശബരിമലയിൽ കഴിഞ്ഞ വർഷത്തെ തീർഥാടനകാലത്ത് ബിന്ദു അമ്മിണി, കനകദുർഗ എന്നീ യുവതികൾ എത്തിയിരുന്നു. അന്ന് ബോർഡിന്റെ അനുമതിയില്ലാതെ തന്ത്രി നടയടച്ച് പരിഹാരക്രിയ ചെയ്തതു ശരിയായില്ല. ഇത്തവണത്തെ മകരവിളക്കിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അവലോകന യോഗത്തിനുശേഷം പ്രസിഡന്റ് പറഞ്ഞു.

അംഗങ്ങളായ കെ.എസ്. രവി, എൻ. വിജയകുമാർ, ദേവസ്വം സെക്രട്ടറി എസ്. ഗായത്രീദേവി എന്നിവരും പ്രസിഡന്റിനൊപ്പം പത്രസമ്മേളനത്തിനെത്തി.

Content Highlights: thiruvithamkoor devaswom board on sabarimala women entry