തിരുവനന്തപുരം: ശബരിമല വിഷയത്തിലെ ഹർജികൾ പരിഗണിക്കുമ്പോൾ സുപ്രീംകോടതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന റിപ്പോർട്ട് യുവതീപ്രവേശത്തെ പരോക്ഷമായി എതിർത്തുകൊണ്ടുള്ളതാവും. നിലവിലെ സ്ഥിതിയും ആചാരങ്ങളിലുണ്ടായ ബുദ്ധിമുട്ടുകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടും.

നാല് സ്ത്രീകളാണ് യുവതീപ്രവേശം ആവശ്യപ്പെട്ട് സ്വകാര്യ ഹർജി നൽകിയത്. എന്നാൽ, ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ യുവതികൾക്കും പ്രവേശനം നൽകിയത് ഹർജിക്ക് പുറത്തുള്ള കാര്യമായിരുന്നു. ഈ വിധി കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും പ്രത്യേക ആചാരങ്ങളെയും ബാധിച്ചുവെന്നും റിപ്പോർട്ടിലുണ്ടാകും.

സ്ത്രീകൾ തന്നെ യുവതീപ്രവേശത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. കോടതിവിധിയെ തുടർന്ന് ശബരിമല ദർശനത്തിനെത്തിയത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരുമാണെന്നും ബോർഡ് കോടതിയെ അറിയിക്കും. യുവതീപ്രവേശം നടപ്പാക്കുമെന്ന ശക്തമായ നിലപാടിൽനിന്ന് പിന്നോട്ടുപോകുന്നതാണ് ബോർഡ് കോടതിയിൽ ഉന്നയിക്കാൻ പോകുന്ന കാര്യങ്ങൾ. പ്രത്യക്ഷമായി എതിർക്കുന്നില്ലെങ്കിലും കോടതിവിധിയെക്കുറിച്ചുള്ള ആശങ്കകൾ മുന്നോട്ടുവെക്കുന്നുണ്ട്.

എന്നാൽ, ഹിന്ദുക്കൾക്കുമാത്രം പ്രവേശനം എന്ന നിലപാടിനെ ശക്തമായി എതിർക്കും. ഹിന്ദു ക്ഷേത്രമാണെങ്കിലും എല്ലാ മതസ്ഥരും ഇവിടെയെത്തുന്നുണ്ട്. ഒരു മുസ്‌ലിം പള്ളികൂടി തീർഥാടനത്തിന്റെ ഭാഗമാണ്. പ്രവേശനം ഹിന്ദുക്കൾക്ക് മാത്രമാക്കുന്നത് ശബരിമലയ്ക്ക് കളങ്കമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിധിയെത്തുടർന്നുണ്ടായ സമകാലിക സംഭവങ്ങളും ബോർഡ് കോടതിയെ അറിയിക്കും. പ്രതിഷേധത്തിന്റെ മറവിൽ സാമൂഹികവിരുദ്ധരും തീവ്രവാദ സ്വഭാവമുള്ളവരും കയറി ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്തിയിട്ടുണ്ട്.

മൂർത്തികളെ നിയമപ്രകാരം മൈനറായാണ് കണക്കാക്കുന്നത്. അതുകൊണ്ട് മൂർത്തിയുടെ സംരക്ഷകൻ കോടതിയാണ്. മൂർത്തിയുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുക കോടതിയുടെ ഉത്തരവാദിത്വമാണെന്നാവും ബോർഡ് ചൂണ്ടിക്കാട്ടുക. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവും ചൂണ്ടിക്കാട്ടും.

ബോർഡിന്റെ അഭിപ്രായങ്ങളടങ്ങിയ പ്രത്യേക കുറിപ്പാവും സുപ്രീംകോടതിക്ക് നൽകുക. ഇതുസംബന്ധിച്ച് ബോർഡിനായി ഹാജരാവുന്ന അഭിഭാഷകനായ ആര്യാമ സുന്ദരവുമായി ചർച്ചചെയ്യാൻ ദേവസ്വം കമ്മിഷണർ എൻ. വാസുവിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.