കോട്ടയം: തിങ്കളാഴ്ച കോട്ടയം തിരുനക്കരയിൽ രാഷ്ട്രീയവിശദീകരണയോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും തനിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നൽകി.
കെവിൻ കൊലക്കേസിൽ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സുരക്ഷാസംഘത്തിലെ അംഗമായിരുന്നെന്നും മറ്റൊരാൾക്ക് തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ബന്ധമുണ്ടെന്നുമായിരുന്നു ആരോപണം.
മുഖ്യമന്ത്രിക്ക് ജില്ലകൾതോറും പ്രദേശിക സുരക്ഷാസംവിധാനങ്ങളില്ല. പേഴ്സണൽ സെക്യൂരിറ്റി സ്റ്റാഫും പ്രാദേശിക സുരക്ഷക്കുള്ള േപാലീസുകാരും രണ്ടാണെന്ന് ആഭ്യന്തരമന്ത്രിയായിരുന്നയാൾക്ക് വ്യക്തമായി അറിയാവുന്നതാണ്.
ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ആരോപണവിധേയനായ എ.എസ്.ഐ. പോലീസ് അസോസിയേഷൻ ഭാരവാഹിയായിരുന്നുവെന്നാണ് മറ്റൊരു കണ്ടെത്തൽ. അസോസിയേഷൻ തലപ്പത്തുള്ളവരെ തിരഞ്ഞെടുക്കുന്നത് മന്ത്രിയല്ല.
തേച്ചുമാച്ചുകളയുമായിരുന്ന ദളിത് യുവാവിന്റെ കൊലപാതകം ജനശ്രദ്ധയിൽകൊണ്ടുവരുന്നതിനും സത്യസന്ധമായ അന്വേഷണത്തിനുമായി നടത്തിയ സമർദത്തെ അംഗീകരിക്കാതിരിക്കാനാണ് ഈ ആരോപണങ്ങളെന്നും കത്തിൽ പറയുന്നു.
നർകോട്ടിക് ഡിവൈ.എസ്.പി. അന്വേഷിക്കുമെന്നായിരുന്നു ഡി.ജി.പി. ആദ്യം പറഞ്ഞത്. നാല് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കേസ് ഒരു ഡിവൈ.എസ്.പി.യെക്കൊണ്ട് അന്വേഷിപ്പിക്കാൻ തീരുമാനിച്ചത് ഒളിക്കാൻ ശ്രമിക്കുന്നതിന് തെളിവായിരുന്നു. തുടർന്നാണ് സമരം ശക്തമാക്കിയത്. ഇതിനുശേഷമാണ് ഐ.ജി.യെക്കൊണ്ട് അന്വേഷിപ്പിക്കാൻ നിർബന്ധിതരായത്.