തിരുവനന്തപുരം: നിയമസഭയിൽ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ്്‌ ഇടത് എം.എൽ.എ.മാർക്കെതിരേയെടുത്ത കേസ് പിൻവലിച്ചു. 2015 മാർച്ച് 13-നായിരുന്നു സ്പീക്കറുടെ ഡയസുവരെ തകർത്ത അക്രമം സഭയിലുണ്ടായത്.

കേസിൽ പ്രതിയായ വി. ശിവൻകുട്ടി എം.എൽ.എ.യുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഇതുസംബന്ധിച്ചു സർക്കാർ നിയമോപദേശം തേടിയിരുന്നു. ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് പ്രതിസ്ഥാനത്തുള്ള മറ്റുള്ളവർ. 

ക്രൈംബ്രാഞ്ച് ആറു പേർക്കെതിരേയും കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇവർ കോടതിയിൽ ഹാജരായി ജാമ്യം എടുക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിച്ചെന്നാണ് കുറ്റപത്രം. 

കേസ് അനാവശ്യമാണെന്നും രാഷ്ട്രീയവൈരാഗ്യം തീർക്കാൻ ഉപയോഗിച്ചെന്നും ശിവൻകുട്ടി അപേക്ഷയിൽ ആരോപിച്ചു. പൗരൻ എന്ന നിലയിലുള്ള നിയമപരമായ അവകാശം ഉപയോഗിച്ചാണു മുഖ്യമന്ത്രിക്കു പരാതി നൽകിയതെന്നും ശിവൻകുട്ടി പറഞ്ഞു. 

കേസ് പിൻവലിച്ചതിനെ നിയമപരമായി നേരിടുമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയുടെ അന്തസ്സിനു കളങ്കമുണ്ടാക്കുന്ന വിധത്തിൽ നടന്ന അക്രമങ്ങളെക്കുറിച്ച് നിയമ വിദഗ്ധരുമായി ആലോചിച്ചു തീരുമാനമെടുക്കും.

കേരള നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണിത്. പ്രതിഷേധാർഹമായ തീരുമാനം പുനഃപരിശോധിക്കണം. 
സ്വന്തം പാർട്ടിക്കാർ പ്രതികളായതിനാൽ കേസ് പിൻവലിക്കുന്ന മുഖ്യമന്ത്രിക്ക് നീതിബോധം നഷ്ടമായെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.