തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്കാര ജേതാവായ വിദ്യാർഥി പഠനം നിലച്ചതിനെത്തുടർന്ന് സമരവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ. കഴിഞ്ഞവർഷം പുരസ്കാരം ലഭിച്ച കോഴിക്കോട് വെളിമണ്ണ ആലത്തുകാവിൽ മുഹമ്മദ് ആസിമാണ് സംസ്ഥാന വികലാംഗ സംഘടനാ ഐക്യമുന്നണിയുടെ സമരപ്പന്തലിൽ പ്രതിഷേധവുമായി എത്തിയത്.

രണ്ടു കൈകളുമില്ലാത്ത 12 വയസ്സുകാരൻ മുഹമ്മദ് ആസിം വെളിമണ്ണ എൽ.പി. സ്കൂളിലാണ് പഠിച്ചിരുന്നത്. എൽ.പി. കഴിഞ്ഞതോടെ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ കുട്ടിയുടെ പഠനസൗകര്യാർഥം ഈ സ്കൂളിനെ യു.പി.യായി ഉയർത്തി. ഇപ്പോൾ മുഹമ്മദ് ആസിം യു.പി. ജയിച്ചു. തുടർപഠനത്തിന് ദൂരെ പോകാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തണമെന്ന് നിലവിലെ സർക്കാരിന് അപേക്ഷ നൽകി.

സർക്കാർ കൈയൊഴിഞ്ഞതോടെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. ഇവിടെനിന്ന് അനുകൂല ഉത്തരവുണ്ടായിട്ടും നടപടിയുണ്ടായില്ല. പിന്നാലെ ഹൈക്കോടതിയിൽ ഹർജി നൽകി. ഇതിലും മുഹമ്മദിന് അനുകൂലമായ വിധിയുണ്ടായി. ഈ വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുടങ്ങിയ തന്റെ വിദ്യാഭ്യാസം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുഹമ്മദ് ആസിം സമരവുമായി എത്തിയത്.

എംപ്ലോയ്‌മെന്റ് മുഖേന താത്കാലിക നിയമനം ലഭിച്ച് ജോലിചെയ്ത് പിരിഞ്ഞവരെ തിരിച്ചെടുത്ത് സ്ഥിരനിയമനം നൽകുക, സർക്കാർജോലി സംവരണം 10 ശതമാനമാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. ഐക്യമുന്നണി ചെയർമാൻ കെ. കുഞ്ഞബ്ദുള്ള കൊളവയൽ, നേതാക്കളായ വഞ്ചിയൂർ മോഹനൻനായർ, സൈനുദ്ദീൻ മടവൂർ, ഗോപി കാസർകോട് തുടങ്ങിയവർ സംസാരിച്ചു.

Content Highlights: ujjwala balyam award winner muhammed hasim joined with protesters