തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കുമുന്നില്‍ വഴികള്‍ അടയുന്നു. ഭൂമികൈയേറ്റം സംബന്ധിച്ച പരാതി അന്വേഷിച്ച കളക്ടര്‍ നിയമലംഘനം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന് വെള്ളിയാഴ്ച ചേര്‍ന്ന സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം നിലപാടെടുത്തു.

സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റ് യോഗത്തിലെ വികാരവും തോമസ് ചാണ്ടിക്ക് അനുകൂലമായിരുന്നില്ല. അദ്ദേഹം സംസ്ഥാന മന്ത്രിസഭയിലെ എന്‍.സി.പി. പ്രതിനിധിയായതിനാല്‍ ഇടതുമുന്നണിയില്‍ വിഷയം ചര്‍ച്ചചെയ്യണമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.

ഈ പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിന് ഞായറാഴ്ച ഇടതുമുന്നണിയോഗം ചേരും. യോഗത്തിനുമുമ്പായി സി.പി.എം.-സി.പി.ഐ. ഉഭയകക്ഷിചര്‍ച്ചയും നടക്കും.

കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശവും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതും മന്ത്രി ചാണ്ടിക്ക് അനുകൂലമല്ലെന്നാണ് സൂചന. കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമപരിശോധന നടക്കുകയാണെന്നും അത് പൂര്‍ത്തിയായാല്‍ യുക്തമായ തീരുമാനമെടുക്കുമെന്നും സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

മന്ത്രിക്കെതിരേ വിജിലന്‍സ് കോടതി നിര്‍ദേശിച്ച പ്രാഥമിക അന്വേഷണത്തിന്റെ ഫലമറിയാന്‍ കാത്തിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിയമോപദേശം എതിരാണെങ്കില്‍ മന്ത്രിയെ കൈവിടേണ്ടിവരുമെന്ന സന്ദേശം എന്‍.സി.പി. നേതൃത്വത്തിന് സി.പി.എം. നല്‍കിയിട്ടുണ്ട്.

കളക്ടറുടെ റിപ്പോര്‍ട്ട് വളരെ വ്യക്തവും വിശദവുമാണ്. ആ നിലയ്ക്ക് നിയമോപദേശം തേടേണ്ട ആവശ്യംതന്നെ ഇല്ലായിരുന്നെന്നാണ് സി.പി.ഐ. എക്‌സിക്യുട്ടീവില്‍ ഉയര്‍ന്ന വിമര്‍ശനം. സര്‍ക്കാരിനെതിരേ ഒരു മന്ത്രി കോടതിയെ സമീപിച്ച നടപടി സര്‍ക്കാരിലുള്ള അദ്ദേഹത്തിന്റെ അവിശ്വാസമായി കാണണമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി.

മറുപടി പറഞ്ഞ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍, പാര്‍ട്ടിനിലപാട് എല്‍.ഡി.എഫ്. യോഗത്തില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടായേ തീരൂവെന്നതാണ് പാര്‍ട്ടി നിലപാടെന്നും യോഗത്തില്‍ കാനം വിശദീകരിച്ചു.