തിരുവനന്തപുരം: കേസുകള്‍ സ്വയം വാദിക്കുന്ന അന്തസ്സംസ്ഥാന മോഷ്ടാവ് പിടിയിലായി. ഒറ്റപ്പാലം, തോട്ടക്കര, ശ്രീകൃഷ്ണവിലാസത്തില്‍ സജീവി(59)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റുചെയ്തത്. പത്തോളം മോഷണക്കേസിലെ പ്രതിയാണ്. കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്വാര്‍ട്ടേഴ്‌സില്‍ ജനുവരി 16-ന് നടന്ന മോഷണം അന്വേഷിച്ച പ്രത്യേക ഷാഡോ പോലീസ് സംഘമാണ് സജീവിനെ പിടികൂടിയത്. ഇരുപതു പവന്‍ സ്വര്‍ണമാണ് ഇവിടെനിന്നു മോഷ്ടിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജ് ഡി.എം.ഒ. ക്വാര്‍ട്ടേഴ്‌സ്, കോട്ടയം ബേക്കര്‍ ജങ്ഷനിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫീസ്, തിരുവല്ല തേജസ് ക്ലിനിക്ക്, തിരുവല്ല സെന്റ് ജോണ്‍സ് കോളേജ് ഓഫീസ്, കര്‍ണാടകയിലുള്ള മണിപ്പാല്‍ മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സ്, അവിടെത്തന്നെ മറ്റൊരു ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായി ഇയാള്‍ സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

മോഷണക്കേസുകള്‍ കോടതികളില്‍ ഇയാള്‍ തന്നെയാണ് വാദിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഫ്‌ളാറ്റുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും ഓഫീസുകളിലും പകല്‍സമയത്താണ് ഇയാള്‍ സാധാരണ മോഷണം നടത്തുന്നത്. മുന്‍പ് തിരുവനന്തപുരത്തെ മാധ്യമസ്ഥാപനത്തില്‍ കയറി ക്യാമറയും രൂപയും കവര്‍ന്ന കേസ്, കരമന മേലാറന്നൂര്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സില്‍ മോഷണം നടത്തിയ കേസ്, തൃശ്ശൂര്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിലെ മോഷണം, എറണാകുളം കുസാറ്റ് യൂണിവേഴ്‌സിറ്റി ക്വാര്‍ട്ടേഴ്‌സിലെ മോഷണം, കോഴിക്കോട് കസബ, ചങ്ങനാശ്ശേരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകളില്‍ മോഷണം, ചെന്നൈ ജെ.എസ്.ഡബ്ല്യു. ഓഫീസില്‍ കയറി ഏഴു ലക്ഷം രൂപ കവര്‍ന്ന കേസ്, മംഗലപുരത്തുള്ള ഓഫീസുകളിലും വീടുകളിലും മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി നിരവധി മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. പലപ്പോഴായി 12 വര്‍ഷം ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചു.

പ്രതി ആലപ്പുഴയിലെ വിവിധ സ്വര്‍ണപ്പണയസ്ഥാപനങ്ങളില്‍ പണയംവച്ച ആഭരണങ്ങള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പി.പ്രകാശ് അറിയിച്ചു.

സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി. പ്രമോദ്!കുമാര്‍ എ., കഴക്കൂട്ടം സി.ഐ. അജയകുമാര്‍, എസ്.ഐ. സുധീഷ്, ഷാഡോ എസ്.ഐ. സുനില്‍ലാല്‍, ഷാഡോ എ.എസ്.ഐ.മാരായ അരുണ്‍ കുമാര്‍, യശോധരന്‍ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്.