തിരുവനന്തപുരം: ഹർത്താലിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാന നഗരിയിൽ വിവിധ സ്കൂളുകളിലെ ഒരുകൂട്ടം വിദ്യാർഥികൾ പത്രസമ്മേളനവുമായി രംഗത്ത്. ഹർത്താലിൽനിന്ന് പാൽ, പത്രം, ആശുപത്രി എന്നിവയെ ഒഴിവാക്കുന്നതുപോലെ സ്കൂളുകളെയും ഒഴിവാക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

220 അധ്യയനദിവസങ്ങൾ ലഭിക്കേണ്ടിടത്ത് ഈ വർഷം 145 ദിവസമാണ് ക്ലാസ് നടന്നത്. ഇനിയുള്ള കാലംകൂടി കണക്കാക്കിയാൽ 185 സാധ്യായദിവസത്തിൽ കൂടുതൽവരില്ല. പഠനഭാരമാകട്ടെ 220 ദിവസത്തേക്കുള്ളതാണ്. പഠിപ്പിച്ചുതീരാത്ത ഈ പാഠഭാഗങ്ങൾ ഞങ്ങൾ എങ്ങനെ പഠിക്കും? എങ്ങനെ പരീക്ഷ എഴുതും? -അവർ ചോദിച്ചു.

മറ്റുസംസ്ഥാനങ്ങളിൽ ഹർത്താൽ അപൂർവമാണ്. പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സ്കൂളിന്റെ പ്രവർത്തനം ആരും തടസ്സപ്പെടുത്തില്ല. ഇവിടെ ആദ്യം തടയുക സ്കൂൾബസാണ്. ഞങ്ങൾ മത്സരിക്കേണ്ടത് ആരോടാണ്? ആരിതിനൊക്കെ ഉത്തരംപറയും? - വിദ്യാർഥികൾ ചോദിക്കുന്നു.

അടുത്തപടിയായി ഗവർണർക്ക് നിവേദനം നൽകാനാണ് കുട്ടികളുടെ പരിപാടി. യുണൈറ്റഡ് സ്കൂൾ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികൾ സംഘടിച്ചത്. പട്ടം സെന്റ്‌ മേരീസ് സ്കൂളിലെ അഫ്‌ന, വിഴിഞ്ഞം സെന്റ്‌ ഫ്രാൻസിസ് സെക്കൻഡറി സ്കൂളിലെ ഭവ്യ, കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിലെ അങ്കിത് പ്രവീൺ, കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ ദേവിക, ആറ്റുകാൽ ചിന്മയയിലെ അപൂർവ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിനോ പട്ടരുകളം, ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷൈനി മാത്യു എന്നിവർ കുട്ടികളോടൊപ്പമുണ്ടായിരുന്നു.

Content Highlights:  students press meet against hartal