തിരുവനന്തപുരം: ശബരിമലയില്‍ നാളികേരമടക്കമുള്ളവയുടെ കുത്തകലേലത്തില്‍ അഴിമതി ആരോപിച്ചുള്ള ഹര്‍ജിയില്‍ മുന്‍ ദേവസ്വം കമ്മിഷണര്‍ രാമരാജ പ്രേമപ്രസാദ് അടക്കമുള്ളവര്‍ക്കെതിരേ പ്രത്യേക വിജിലന്‍സ് കോടതി അന്വേഷണം പ്രഖ്യാപിച്ചു.

രാമരാജ പ്രേമപ്രസാദിന് പുറമേ ദേവസ്വംബോര്‍ഡ് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എം.ചന്ദ്രശേഖരന്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബാബു, കുത്തകലേല കരാര്‍ ലഭിച്ച കരാറുകാരായ ആലപ്പുഴ സ്വദേശി കെ.ഭാസ്‌കരന്‍, കായംകുളം സ്വദേശി കെ.സുകുമാരന്‍ എന്നിവരാണ് അന്വേഷണം നേരിടുന്നത്.

ലേലത്തില്‍ പങ്കെടുത്ത മറ്റൊരു കരാറുകാരന്‍ പാച്ചല്ലൂര്‍ വാഴമുട്ടം സ്വദേശി അനില്‍ ആയിരുന്നു ഹര്‍ജിക്കാരന്‍.

2017-18 കാലയളവില്‍ 208 ഇനങ്ങളുടെ കുത്തകലേലത്തില്‍ വന്‍ അഴിമതിയും ക്രമക്കേടും നടന്നതായാണ് ഹര്‍ജിയിലെ മുഖ്യ ആരോപണം. ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരുടെ പക്ഷപാത നിലപാടുമൂലം ബോര്‍ഡിന് വന്‍ സാമ്പത്തികനഷ്ടം ഉണ്ടായതായി ഹജിക്കാരന്‍ ആരോപിച്ചു.

കുത്തകലേലത്തില്‍ കരാര്‍ ലഭിക്കുന്ന കരാറുകാരന്‍ ലേലത്തുകയുടെ അന്‍പത് ശതമാനം ഉടന്‍ കെട്ടിവയ്ക്കണമെന്നാണ് ചട്ടം. ഇതില്‍ വീഴ്ചവന്നാല്‍ നിരതദ്രവ്യമായി കെട്ടിവച്ച തുക ലേലത്തില്‍ പങ്കെടുത്തയാള്‍ക്ക് നഷ്ടമാകുകയും അത് ദേവസ്വംബോര്‍ഡിന് ലഭിക്കുകയും ചെയ്യും.

കുത്തകലേലം ലഭിച്ച കരാറുകാരന്‍ അന്‍പത് ശതമാനം ലേലത്തുക ചട്ടപ്രകാരം അന്നേദിവസം ഒടുക്കിയില്ലെന്ന വിവരാവകാശ രേഖ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി.