തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ നിലപാട് മയപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കോടതിവിധി നടപ്പാക്കുമെന്ന് ആദ്യം നിലപാടെടുത്ത ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ ക്ഷേത്രാചാരം നിലനിർത്തി തീർഥാടനം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ബുധനാഴ്ച ചേർന്ന ബോർഡ് യോഗത്തിനുശേഷം പ്രതികരിച്ചു. സംസ്ഥാന വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെത്തുടർന്ന് ദേവസ്വം ബോർഡ് നിലപാട് മയപ്പെടുത്തിയതായാണ് വിലയിരുത്തൽ.

ക്ഷേത്രത്തിന് ദോഷകരമായി ഒന്നും ചെയ്യിെല്ലന്നും ആചാരകാര്യങ്ങൾ നന്നായി പാലിക്കാൻ ശ്രമിക്കുമെന്നും പദ്മകുമാർ പറഞ്ഞു. പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളാണ് ശബരിമലയിൽ നടപ്പാക്കുകയെന്ന് പിന്നീട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ബോർഡ് യോഗം നടക്കുന്നതിനിടെ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രസിഡന്റിന്റെ വിശദീകരണം.

തുലാമാസപൂജയ്ക്ക് അധികസൗകര്യങ്ങളില്ല

തുലാമാസപൂജയ്ക്ക് സ്ത്രീകൾക്ക് ശബരിമലയിൽ അധികസൗകര്യങ്ങൾ ഉണ്ടാകില്ല. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന കാലത്തുള്ള ക്രമീകരണങ്ങൾ മാത്രമേ ഇത്തവണയും ഉണ്ടാകൂ. മുൻ ബോർഡുകളുടെ കാലത്ത് ശബരിമലയിൽ എന്തുണ്ടായിരുന്നോ അതുപോരേ ഇപ്പോഴെന്നു പ്രസിഡന്റ് ചോദിച്ചു. പുതിയതായി കൂടുതലൊന്നും ചെയ്യാനില്ല.

വനിതാപോലീസിനെ വിന്യസിക്കില്ല

സന്നിധാനത്ത് വനിതാപോലീസിനെയും വനിതാ ജീവനക്കാരെയും നിർത്തണോയെന്ന് ബോർഡ് ആലോചിച്ചിട്ടില്ല. പതിനെട്ടാംപടിയിൽ വനിതാ പോലീസിനെ വിന്യസിക്കാൻ തീരുമാനിച്ചിട്ടില്ല. വനിതാപോലീസ് പമ്പയിലും നിലയ്ക്കലും മാത്രം മതിയെന്ന നിലപാടാണ് ബോർഡിന്. വനിതാ പോലീസിനെ ശബരിമലയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ല.

ക്ഷേത്രത്തിലെ ആചാരം സംരക്ഷിക്കാൻ ബോർഡിന് ബാധ്യതയുണ്ട്. അതുപോലെതന്നെയാണ് കോടതിവിധിയുടെ കാര്യവും. ആരുമായും ചർച്ചയ്ക്ക് താനും ബോർഡ് അംഗങ്ങളും തയ്യാറാണെന്നും പിടിവാശിയില്ലെന്നും പദ്മകുമാർ പറഞ്ഞു.

ദേവസ്വം ബോർഡിനെ സംബന്ധിച്ച് കോടതിവിധി നടപ്പാക്കുന്നതിൽ പ്രത്യേക താത്പര്യമോ താത്പര്യമില്ലായ്മയോ ഇല്ല. പ്രായഭേദമെന്യേ സ്ത്രീകൾ ശബരിമലയിൽ വരണമെന്ന വാശി ബോർഡിനില്ല.

പ്രതിഷേധങ്ങൾ ബോധപൂർവം

ഇപ്പോഴത്തെ പ്രതിഷേധങ്ങളെല്ലാം ബോധപൂർവം ഉണ്ടാക്കുന്നതാണ്. തീർഥാടനം ഭംഗിയാക്കാൻ എല്ലാം ഒറ്റയ്ക്കുനടത്തി ആളാകണമെന്ന് ബോർഡിന് ആഗ്രഹമില്ല. താൻ പ്രസിഡന്റായശേഷം പന്തളം കൊട്ടാരത്തിന് അർഹമായ പരിഗണന കൊടുത്തിട്ടുണ്ട്. തന്ത്രി കുടുംബവുമായും കൊട്ടാരവുമായും എല്ലാം ചർച്ച ചെയ്യാറുണ്ട്. എന്നാൽ, അവർ രാഷ്ട്രീയമായി ചിന്തിക്കുന്നതിൽ യോജിക്കുന്നില്ല. അവരുമായി തർക്കത്തിനുമില്ല. ശബരിമലയെ സംബന്ധിച്ച് തന്ത്രിസമൂഹം പിതൃസ്ഥാനീയരാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ പരിഹരിക്കേണ്ടവരാണ് അവരെന്നും പദ്മകുമാർ പറഞ്ഞു. ശബരിമലയിൽ ഹൈക്കോടതി നിർദേശിക്കുന്നതുപ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കും.

അധികം യുവതികളെ പ്രതീക്ഷിക്കുന്നില്ല

നിലവിലെ സാഹചര്യത്തിൽ യുവതികളായ ഭക്തർ കൂട്ടമായി ശബരിമല ദർശനത്തിന് എത്തില്ലെന്ന വിലയിരുത്തലാണ് ദേവസ്വം ബോർഡിന്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ ചോദ്യംചെയ്ത് ചില സംഘടനകൾ നൽകിയ ഹർജിയിലെ വിധി കാത്തിരിക്കാമെന്നതാണ് ബോർഡിന്റെയും സർക്കാരിന്റെയും മനസ്സിൽ.

സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ പോലീസിന്റെ റിേപ്പാർട്ട് കിട്ടിയശേഷം തീരുമാനിക്കും. പമ്പയിലെ നിർമാണപ്രവർത്തനങ്ങൾ, ലേലനടപടികൾ, മേൽശാന്തി നിയമനം തുടങ്ങിയവയും യോഗം ചർച്ച ചെയ്തു. ബോർഡ് യോഗം ഇന്നും തുടരും.