തിരുവനന്തപുരം: അഫ്ഗാനിസ്താൻ സേനയ്ക്കുമുന്നിൽ കീഴടങ്ങിയ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) പ്രവർത്തകരിൽ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. മകളും കുടുംബവും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്നു വിവരം ലഭിച്ചതായി ബിന്ദു മാതൃഭൂമിയോടു പറഞ്ഞു.

വിദേശ വാർത്താ ചാനലുകൾ കൈമാറിയ ചിത്രം വഴിയാണ് ഇവരെ തിരിച്ചറിഞ്ഞത്. 2016 ജൂലായിലാണ് നിമിഷയെ കാണാതായത്. കാസർകോട്ടുനിന്നു ഐ.എസിൽ ചേരാൻ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. നിമിഷയ്ക്കൊപ്പം ഭർത്താവ് ഈസ, മകൾ മൂന്നുവയസ്സുകാരി ഉമ്മക്കുൽസു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു.

‘എന്റെ മോളും ഒപ്പമുണ്ട്. കുറെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. മുഖംമറച്ച സ്ത്രീകളിൽനിന്നു മകളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ഒരു ചിത്രത്തിൽനിന്നു മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞു. മൂന്നുദിവസംമുമ്പ് ഓസ്‌ട്രേലിയൻ വാർത്താ ചാനൽ പ്രതിനിധികൾ സമീപിച്ചിരുന്നു. വാർത്താ ഏജൻസികൾ വഴി അവർക്കു കൈമാറിക്കിട്ടിയ ചിത്രങ്ങൾ കാണിച്ചു. ഇതിൽനിന്നാണ് മരുമകനെയും ചെറുമകളെയും തിരിച്ചറിഞ്ഞത്. കഴിഞ്ഞവർഷം നവംബറിലാണ് ഇവർ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മകളുടെ ഭർത്താവ് ഈസയും സംസാരിച്ചിരുന്നു’- ബിന്ദു പറഞ്ഞു.

കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യൻ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സൺ വിൻസെന്റിനെ വിവാഹംകഴിച്ചത്. തുടർന്ന് ഇരുവരും ഇസ്‌ലാംമതം സ്വീകരിച്ചു.

ശ്രീലങ്കവഴിയാണ് ഇവരുൾപ്പെട്ട സംഘം അഫ്ഗാനിലേക്കു പോയത്. നാഗർഹാറിലാണ് ഇവരുണ്ടായിരുന്നതെന്നാണ് ബന്ധുക്കൾക്ക് മുമ്പ് ലഭിച്ച വിവരം. ഇവരെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിന്ദു.

content highlights: Thiruvananthapuram resident and her family are among those who surrendered in Afghanistan