തിരുവനന്തപുരം: 'മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചതു പോലെ അത്ര ഗൗരവക്കാരനല്ല വിജയേട്ടന്‍. വീട്ടില്‍ തമാശകള്‍ പറയുന്ന, രജനികാന്തിന്റെയും കമലഹാസന്റെയും ഇടിപ്പടങ്ങള്‍ കാണുന്ന വെറും സാധാരണ ഒരു വീട്ടുകാരനാണ് ഞങ്ങള്‍ക്ക് വിജയേട്ടന്‍'- നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടേതാണ് വാക്കുകള്‍. സമയം കിട്ടുമ്പോഴൊക്കെ തിയേറ്ററുകളിലും പോകും. അല്ലാത്തപ്പോഴൊക്കെ ടി.വി. ചാനലുകളില്‍ ഇഷ്ടതാരങ്ങളുടെ ഇടിപ്പടങ്ങള്‍ കാണാനാണ് അദ്ദേഹത്തിനിഷ്ടം- കമല പറഞ്ഞു.

''പതിവ് ചിട്ടകളെല്ലാം കൃത്യസമയത്ത് നിര്‍വഹിക്കുന്നയാളാണ്. വീട്ടില്‍ തികച്ചും ഒരു ഗൃഹസ്ഥനാണ്. ആവശ്യമായ കാര്യങ്ങളിലേ കര്‍ക്കശക്കാരനാകൂ. ചെറുമക്കളോടൊപ്പം കളിക്കുന്ന അപ്പൂപ്പന്‍. രാവിലെ അഞ്ചിന് എഴുന്നേല്‍ക്കും. വ്യായാമത്തിനുശേഷം പത്രവായന. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ആഹാരത്തിനുശേഷം ഓഫീസിലേക്ക്. ഉച്ചയ്ക്ക് എത്തുകയാണെങ്കില്‍ ആഹാരത്തിനുശേഷം 20 മിനുട്ട് മാത്രം വിശ്രമിക്കും. വീണ്ടും ഓഫീസിലേക്ക്. രാത്രിയില്‍ പഴവര്‍ഗങ്ങളോ ദോശയോ കഴിക്കാനാണിഷ്ടം. ഉച്ചയ്ക്ക് മീന്‍ പ്രധാനമാണ്. മുമ്പ് ധാരാളം മീന്‍ കഴിക്കുമായിരുന്നു. ഇപ്പോള്‍ കുറവാണ്'' -അവര്‍ പറഞ്ഞു.

ഫെയ്‌സ് ബുക്ക് പോസ്റ്റുകളെല്ലാം കൃത്യമായി വായിച്ചു നോക്കിയ ശേഷമേ അപ്ലോഡ് ചെയ്യാറുള്ളൂ. ചെറുപ്പകാലം മുതലുള്ള സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. വീട്ടില്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നുമില്ല. രാഷ്ട്രീയകാര്യങ്ങള്‍ ചോദിച്ചാലും കൃത്യമായി ഒന്നും പറയാറില്ല. മുന്‍പൊക്കെ കുടുംബസമേതം യാത്ര പോകാറുണ്ടായിരുന്നു. ഇപ്പോള്‍ തിരക്കായതിനാല്‍ കുറവാണ് - കമല പറഞ്ഞു. തലേശ്ശരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു കമല. 2013-ല്‍ വിരമിച്ചു.

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യമന്ത്രിയായി പിണറായിയെ പ്രഖ്യാപിക്കുമ്പോള്‍ എ.കെ.ജി. സെന്ററിന്റെ തൊട്ടടുത്ത ഫ്‌ളാറ്റില്‍ ഭാര്യയും മകളും ചെറുമക്കളും ബന്ധുക്കളും ആര്‍ഭാടങ്ങളൊന്നുമില്ലാതെ സന്തോഷം പങ്കുവെയ്ക്കുകയായിരുന്നു. വിജയാശംസകള്‍ അറിയിക്കാന്‍ എത്തുന്നവര്‍ക്ക് കമല ലഡു നല്‍കി. മുഖ്യമന്ത്രിയായതില്‍ സന്തോഷമുണ്ടെന്നും തുടര്‍ന്നുള്ള താമസത്തെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. മക്കളുടെ പഠനകാര്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താറില്ലായിരുന്നു. എന്നാല്‍ അവര്‍ക്ക് ഇഷ്ടമുള്ള വിഷയത്തില്‍ അത് എവിടെ പഠിക്കണമെന്ന് പറഞ്ഞാലും അതില്‍ വീഴ്ച വരുത്തിയിട്ടില്ല. വീണയും വിവേക് കിരണുമാണ് മക്കള്‍. അഡ്വ. സുനീഷും ദീപ പ്രകാശ് ബാബുവുമാണ് മരുമക്കള്‍. ഇഷാന്‍ വിജയും വിവാനും ചെറുമക്കളാണ്.

വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രിയായി പാര്‍ട്ടി നിശ്ചയിച്ച ശേഷം എ.കെ.ജി. സെന്ററിന് എതിര്‍വശത്തെ മൂന്നാം നിലയിലെ ഫ്‌ളാറ്റില്‍ പിണറായി എത്തി. അപ്പോള്‍ സുഹൃത്തുക്കള്‍ നല്‍കിയ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലുള്ള കേക്ക് മുറിക്കാന്‍ പുഞ്ചിരിയോടെ കമല ക്ഷണിച്ചു. എന്നാല്‍ മകന്‍ വിവേക് കൂടി എത്തിയിട്ട് മതിയെന്ന മട്ടിലായിരുന്നു കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി.