തിരുവനന്തപുരം: പ്രസംഗപീഠത്തിനുപിന്നില്‍ പിണറായി വിജയന്റെ തുടക്കം ഒരു പതിഞ്ഞതാളത്തിലാണ്. വിഷയം അക്കമിട്ട് അവതരിപ്പിച്ചുകഴിഞ്ഞാല്‍ പ്രസംഗം മറ്റൊരു പരുക്കന്‍ പാതയിലേക്ക് തിരിയാന്‍ അധികനേരം വേണ്ട. പിണറായിയുടെ നിലപാടുകള്‍ക്കും മറുപടികള്‍ക്കും കേരളം കാതോര്‍ക്കുന്നത് അപ്പോഴാണ്. പ്രസംഗം കത്തിക്കയറുമ്പോഴും വാക്കുകള്‍ കൂടിക്കുഴയില്ല.
 
ഇടകലരാതെ പെറുക്കിവെയ്ക്കുന്ന വാചകങ്ങള്‍ ദിവസങ്ങളോളം കൊള്ളിമീന്‍ പോലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഉണ്ടാകും. പിണറായിയുടെ വാക്കുകള്‍ പാര്‍ട്ടിക്ക് ഇരുമ്പുമറയുടെ പ്രതിരോധം നല്‍കും. ജനഹൃദയങ്ങളില്‍ പിണറായിയുടെ പേര് എഴുതിച്ചേര്‍ക്കുന്നതും അങ്ങനെയാണ്. എതിരാളിയോട് സന്ധി ചെയ്യുന്ന കൗശലം പിണറായിക്ക് വശമില്ല. അത്തരം പ്രായോഗിക രാഷ്ട്രീയത്തില്‍ വിശ്വാസവുമില്ല. ഉറച്ച നിലപാടുകള്‍ തന്നെയാണ് കൈമുതല്‍. അതിനെ ധാര്‍ഷ്ട്യമെന്നൊന്നും പിണറായി കരുതുന്നില്ല. തന്റെ ശരികള്‍ ശരികളാണെന്ന ആത്മവിശ്വാസമാണ് പിണറായി വിജയനെന്ന രാഷ്ട്രീയനേതാവിനെ മുന്നോട്ടുനയിച്ചത്.

പാര്‍ട്ടിസഖാക്കള്‍ക്കും കടുപ്പിച്ച നിലപാടുള്ള വിജയേട്ടനെയാണിഷ്ടം. കാരണം എന്തിനും അവര്‍ക്കൊപ്പം ഇറങ്ങിച്ചെല്ലുന്ന സഖാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകള്‍ അവര്‍ക്ക് ആജ്ഞകളല്ല, ആവേശമാണ്.
പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നുമുള്ള ആക്രമണങ്ങളെയും വാക്കിന്റെ ചാട്ടുളികളെയും നെഞ്ചൂക്ക് കൊണ്ട് പ്രതിരോധിച്ചാണ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്കെത്തുന്നത്. 2005- ലെ മലപ്പുറം സമ്മേളനത്തോടെ വി.എസ്. പക്ഷത്തെ ഏതാണ്ട് തുടച്ചുനീക്കി പാര്‍ട്ടിയെ വരുതിയിലാക്കിയായിരുന്നു പിണറായിയുടെ മുന്നേറ്റം. പാര്‍ട്ടിയിലെ വിഭാഗീയതയും എതിര്‍പ്പുകളും അതോടെ ഏതാണ്ട് ഇല്ലാതെയായി. നേര്‍ക്കുനേര്‍ വരാന്‍ കരുത്തുള്ളയാള്‍ വി.എസ്. അച്യുതാനന്ദന്‍ മാത്രമായി അവശേഷിച്ചു.

1998 -ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി വന്നശേഷം ഒന്നരപ്പതിറ്റാണ്ടോളം പല തിരഞ്ഞെടുപ്പുകള്‍ക്കും ചുക്കാന്‍പിടിച്ച പിണറായി, ഒന്നര പതിറ്റാണ്ട് കാലം അധികാര രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഇക്കാലയളവില്‍ പാര്‍ട്ടി പലപ്പോഴും വിജയപതാകകള്‍ ഏന്തി, പരാജയത്തിന്റെ കയ്പുനീരും കുടിച്ചു. വിവാദങ്ങളിലും പ്രതിസന്ധിയിലും വിഭാഗീയതയിലും ആടിയുലഞ്ഞു. പലരും കല്ലെറിഞ്ഞപ്പോഴും വാക്കിന്റെ നെഞ്ചൂക്ക് കൊണ്ട് പാര്‍ട്ടിയെ കാത്ത് പരിപാലിച്ചു.

2011 -ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീട് വന്ന ഉപതിരഞ്ഞെടുപ്പുകളിലും നേരിട്ട തോല്‍വിയില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റിയത് പിണറായിയുടെയും പിന്നീട് കോടിയേരിയുടെയും നേതൃത്വമാണ്. പാര്‍ട്ടി സംവിധാനത്തെ പതിനാലാം നിയമസഭയിലേക്ക് ഒരുക്കിയെടുക്കാന്‍ രാവും പകലും അധ്വാനിച്ച പിണറായിയെത്തന്നെയാണ് ഇപ്പോള്‍ നിയമസഭയിലെ നേതൃത്വവും പാര്‍ട്ടി ഏല്‍പ്പിക്കുന്നത്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം നയിക്കാന്‍ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മുന്‍നിരയിലുണ്ടായിരുന്നെങ്കിലും ചരിത്രവിജയം നേടി അധികാരത്തിലെത്തുമ്പോള്‍ നേതാവ് ആരായിരിക്കണമെന്നതിന് പാര്‍ട്ടിക്ക് രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല.
 
പ്രചാരണത്തിനിറങ്ങുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാരെന്ന് പ്രഖ്യാപനം ഒന്നുമില്ലായിരുന്നെങ്കിലും പാര്‍ട്ടിക്ക് അക്കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു. മാധ്യമങ്ങളിലും പുറത്തും വി.എസിന്റെ പേര് പറഞ്ഞുകേട്ടെങ്കിലും വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ അധികനേരത്തെ ചര്‍ച്ചയൊന്നുമില്ലാതെയാണ് പിണറായിയെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത്.