തിരുവനന്തപുരം: കന്യാസ്ത്രീയെയടക്കം അവഹേളിച്ചെന്ന പരാതികളുയർന്ന സാഹചര്യത്തിൽ നിയമസഭയുടെ സദാചാര സമിതിയിൽനിന്ന് പി.സി. ജോർജിനെ ഒഴിവാക്കി. എന്നാൽ, ഭൂമി കൈയേറ്റവും പരിസ്ഥിതി ചട്ടലംഘനവും സംബന്ധിച്ച പരാതികൾ ഉയർന്നെങ്കിലും പി.വി. അൻവറിനെ പരിസ്ഥിതി സമിതിയിൽ നിലനിർത്തി.

രണ്ടരവർഷം കൂടുമ്പോഴാണ് നിയമസഭാസമിതികൾ പുനഃസംഘടിപ്പിക്കുന്നത്. ഈ സഭ രണ്ടരവർഷം തികച്ചതിനെത്തുടർന്നാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എല്ലാ സമിതികളും പുനസംഘടിപ്പിച്ചത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അവഹേളിച്ച സംഭവത്തിൽ ജോർജിനെതിരായ പരാതി സദാചാര സമിതിയുടെ പരിഗണനയിലാണ്. ഈ സമിതിയിൽ ജോർജ് തുടരുന്നതിൽ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയിൽനിന്ന് ജോർജിനെ ഒഴിവാക്കിയത്. പകരം അനൂപ് ജേക്കബിനെ ഉൾപ്പെടുത്തി. എ. പ്രദീപ്കുമാറാണ് അധ്യക്ഷൻ.

കന്യാസ്ത്രീയെ അവഹേളിച്ചതിൽ സമിതി ജോർജിൽനിന്ന് തെളിവെടുത്തിരുന്നു. എന്ത് നടപടി സ്വീകരിക്കണമെന്ന റിപ്പോർട്ട് സമിതി വൈകാതെ നൽകുമെന്നറിയുന്നു.

സഭയ്ക്കുപുറത്ത് കെ.ആർ. ഗൗരിയമ്മയെക്കുറിച്ച് മോശം പരാമർശം നടത്തിയതിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജോർജിനെ ശാസിച്ചിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തിൽ നിയമസഭാസമിതിയുടെ ശാസന ഏറ്റുവാങ്ങിയ ഏക അംഗവും ജോർജാണ്.

ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ സദാചാര സമിതിയിൽ അംഗമാകണമെന്ന് ജോർജ് തന്നെ ആവശ്യപ്പെടുകയായിരുന്നു. സ്പീക്കർ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും ചെയ്തു. തനിക്കെതിരേയുള്ള പരാതി പരിഗണിച്ച സമിതിയോഗങ്ങളിൽ ചട്ടമനുസരിച്ച് ജോർജ് പങ്കെടുത്തിരുന്നില്ല.

പരിസ്ഥിതിലംഘനം സംബന്ധിച്ച് അൻവറിനെതിരേയും സ്പീക്കർക്ക് പരാതികൾ ലഭിച്ചിരുന്നു. അവ സർക്കാരിലേക്ക്‌ അയച്ചു. എന്നാൽ ചട്ടലംഘനം സംബന്ധിച്ച് അൻവറിനെതിരേ കേസൊന്നും നിലവിലില്ലെന്നാണ് പരിസ്ഥിതിവകുപ്പ് സഭയെ അറിയിച്ചത്.

Content Highlights: pc george expelled from assembly moral committee