തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽ പേരുകൾ ഇരട്ടിച്ചു. വോട്ടർപ്പട്ടികയിലെ ഡേറ്റാ എൻട്രിയിൽവന്ന പിശകുമൂലമാണ് ഇരട്ടിപ്പുണ്ടായതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം.

ആറ്റിങ്ങൽ മണ്ഡലത്തിൽ 1,12,322 പേർക്ക് ഒന്നിലധികം പോളിങ് സ്റ്റേഷനുകളിലെ പട്ടികയിൽ പേരും ഒന്നിലധികം തിരിച്ചറിയൽ കാർഡുകളുമുണ്ടെന്നുകാട്ടി യു.ഡി.എഫ്. സ്ഥനാർഥി അടൂർ പ്രകാശാണ് ആദ്യം പരാതിനൽകിയത്. പിന്നാലെ ബി.ജെ.പി.യും പരാതിയുന്നയിച്ചു.

ഒന്നിലധികം സ്ഥലങ്ങളിലെ വോട്ടർപ്പട്ടികയിൽ പേരുചേർത്ത് കൂടുതൽ തിരിച്ചറിയൽ കാർഡുകൾ വാങ്ങുകയായിരുന്നുവെന്നാണ് ആരോപണം. തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയതോടെ കള്ളവോട്ട് തടയാൻ സാധിച്ചിരുന്നു. ഇതു മറികടക്കാനാണ് ഒരാൾക്ക് ഒന്നിലേറെ സ്ഥലത്തെ പട്ടികയിൽ പേര് ചേർത്തതെന്നാണ് പരാതി.

വോട്ടർപ്പട്ടികയിൽ പേരുകൾ ഇരട്ടിച്ചിട്ടുണ്ടെന്ന പരാതി പരിശോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. പരാതിയിൽ പറയുന്ന ഇരട്ടവോട്ടുകളിൽ കൂടുതലും ഒരേപേരുള്ള വ്യത്യസ്ത വ്യക്തികളുടേതാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. ഒരേ പേരുകാരാണെങ്കിലും ജനനത്തീയതി, വോട്ടേഴ്സ് ഐ.ഡി. കാർഡ് നമ്പർ തുടങ്ങിയവ വ്യത്യസ്തമാണ്. വോട്ടർപ്പട്ടികയിലെ ഡേറ്റ എൻട്രിയിലെ പിശകുമൂലം ചില പേരുകളിൽ ഇരട്ടിപ്പുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഈ പേരുകൾ പ്രത്യേകം തരംതിരിച്ച് പട്ടികയാക്കി അതതു ബൂത്തുകളിലെ പ്രിസൈഡിങ് ഓഫിസർമാർക്കു നൽകിയിട്ടുണ്ട്. ജില്ലയിൽ ഒറ്റബൂത്തിൽപ്പോലും ഇരട്ടവോട്ട് നടക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടുള്ളതായി ജില്ലാ കളക്ടർ കെ. വാസുകി അറിയിച്ചു. ഇരട്ടവോട്ടിന് ശ്രമിച്ചാൽ അത്തരക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസിന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ട് രേഖപ്പെടുത്തുന്നവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്ന് യു.ഡി.എഫ്. നേതാക്കൾ അറിയിച്ചു. പല സ്ഥലങ്ങളിൽ പേരും കാർഡും നിലവിലുള്ളവരുടെ പട്ടിക യു.ഡി.എഫും തയാറാക്കിയിട്ടുണ്ട്. ഇത് രാവിലെതന്നെ എല്ലാ ബൂത്തുകളിലുമുള്ള പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകാൻ പോളിങ് ഏജന്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

Content Highlights: number voters doubled in attingal loksabha constituency