തിരുവനന്തപുരം: പരവൂരിലെ ക്ഷേത്രത്തില്‍ മത്സരക്കമ്പം നടത്താന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൊല്ലത്തെ പോലീസ് നേതൃത്വം അവഗണിച്ചു. രാത്രി 12 മുതല്‍ വര്‍ക്കല സ്വദേശി കൃഷ്ണന്‍കുട്ടിയും കഴക്കൂട്ടം സുന്ദരേശനും തമ്മിലാണ് മത്സരക്കമ്പമെന്നും ഓരോരുത്തര്‍ക്കും 4.10 ലക്ഷം വീതം നല്‍കിയെന്നും കൊല്ലം സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡിവൈ.എസ്.പി.ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ക്ഷേത്ര പരിസരത്തേയും ക്ഷേത്രത്തിലെത്തുന്ന ഭക്തരേയും ഉള്‍പ്പെടുത്തി ഭരണസമിതിക്കാര്‍ അപകട ഇന്‍ഷുറന്‍സ് എടുക്കുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തമോ അനിഷ്ഠസംഭവമോ ഉണ്ടാകാതിരിക്കാന്‍ എക്‌സ്‌പ്ലോസീവ് കണ്‍ട്രോളറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജില്ലാഭരണകൂടത്തിന്റെ കര്‍ശന ഇടപെടലുണ്ടാവണമെന്നും ഇതില്‍ പറയുന്നു. എക്‌സ്‌പ്ലോസീവ് അതോറിറ്റിയുടെ കര്‍ശന പരിശോധനയ്ക്ക് ശേഷം മേഖലയെ അപകടരഹിതമാക്കി മാത്രമേ കരിമരുന്ന് പ്രയോഗത്തിനുള്ള നടപടികള്‍ സ്വീകരിക്കാവൂവെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. എസ്.പി. ക്ക് അയച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറിയിരുന്നു.