തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ സ്ഥാനാര്‍ഥി നിര്‍ണയം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകുമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഓരോ ജില്ലയിലും മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി മൂന്ന് പേരുകളടങ്ങുന്ന സ്ഥാനാര്‍ഥി സാദ്ധ്യതാപട്ടിക സംസ്ഥാനഭാരവാഹികള്‍ക്ക് നല്‍കിവരികയാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇനിയത് പൂര്‍ത്തിയാകാനുണ്ട്. ഒപ്പം എന്‍.ഡി.എ. സംവിധാനത്തിലേക്ക് വരാന്‍ തയ്യാറുള്ള കക്ഷികളുമായും ചര്‍ച്ച നടക്കുകയാണ്.

ആ ചര്‍ച്ചകളും ഉടന്‍ പൂര്‍ത്തിയാക്കും. മാര്‍ച്ച് 2ന് സംസ്ഥാന കോര്‍കമ്മിറ്റി യോഗം ചേര്‍ന്ന് എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥി സാധ്യതാപട്ടികകള്‍ പരിശോധിക്കും. തുടര്‍ന്ന് തിരഞ്ഞെടുപ്പ് സമിതി അവസാനപട്ടിക തയ്യാറാക്കി കേന്ദ്രകമ്മിറ്റിക്ക് സമര്‍പ്പിക്കും. കേന്ദ്രത്തില്‍ നിന്നാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഒ.രാജഗോപാല്‍ മത്സരിക്കുമോയെന്നത് സ്ഥാനാര്‍ഥിനിര്‍ണയ പ്രക്രിയ പൂര്‍ത്തിയായാലേ വ്യക്തമാകൂ.

താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പാര്‍ട്ടി തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ബി.ഡി.ജെ.എസ്സുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ചോദ്യത്തിന് കുമ്മനം മറുപടി നല്‍കി. ഫിബ്രവരി 19ന് ചേര്‍ന്ന ബി.ഡി.ജെ.എസ്സിന്റെ സംസ്ഥാനകൗണ്‍സില്‍ പാസ്സാക്കിയ പ്രമേയം ബി.ജെ.പി.യുമായി സഖ്യമാകാമെന്നാണ് പറഞ്ഞത്. അവര്‍ക്കും തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ താഴേതട്ട് വരെ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

മാര്‍ച്ച് നാലിന് ബി.ഡി.ജെ.എസ്സിന്റെ സംസ്ഥാനകൗണ്‍സില്‍ വീണ്ടും ചേരുന്നുണ്ട്. കെ.എം.മാണിയെ ഇതുവരെ ബി.ജെ.പി. സ്വാഗതം ചെയ്തിട്ടില്ല. ബി.ജെ.പി. മുന്നണിയിലേക്ക് വരുമെന്ന് മാണിഗ്രൂപ്പ് പറഞ്ഞിട്ടുമില്ല. അതുകൊണ്ട് അവരുമായുള്ള ചര്‍ച്ചയുടെ പ്രശ്‌നമേ ഉദിക്കുന്നില്ലെന്നും കുമ്മനം വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തക സിന്ധുസൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി.ക്കോ ആര്‍.എസ്.എസ്സിനോ പങ്കില്ല. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കും- കുമ്മനം രാജശേഖരന്‍ പറഞ്ഞു.