സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക കേരളം പ്രിയകവിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഒ.എന്‍.വി. രചിച്ച അനശ്വരഗാനങ്ങള്‍ പശ്ചാത്തലഗീതമൊരുക്കിയ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകള്‍. കവിയുടെ 84 വര്‍ഷങ്ങളുടെ പ്രതീകമായി, 84 ഗായകരാണ് ആലാപനത്തിനായി ഒത്തുചേര്‍ന്നത്.
സമൂഹത്തിന്റെ നാനാതുറകളില്നിന്നെത്തിയവര് അന്ത്യോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ എന്‍.ശക്തന്, മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, കുഞ്ഞാലിക്കുട്ടി, ഇബ്രാഹിംകുഞ്ഞ്, കെ.സി.ജോസഫ്, കെ.ബാബു, രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, പി.കെ.അബ്ദുറബ്ബ്, പി.കെ.ജയലക്ഷ്മി, അനൂപ് ജേക്കബ്, ഷിബു ബേബിജോണ്‍, വി.എസ്.ശിവകുമാര്‍, കെ.പി.മോഹനന്, പി.ജെ.ജോസഫ്, എ.പി.അനില്‍കുമാര്‍, ഗായകന് യേശുദാസ്, കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, മാതൃഭൂമി ഡയറക്ടര്‍ പി.വി.ഗംഗാധരന് തുടങ്ങി ഏറെ പ്രമുഖര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ഗായകന് യേശുദാസുള്പ്പെടെയുള്ളവര് കുടുംബാംഗങ്ങള്‍ക്ക് ആശ്വാസവചനങ്ങള്‍ നല്കി.
വസതിയായ 'ഇന്ദീവര'ത്തില്‍ രാവിലെ 9.45ന് അന്ത്യയാത്ര തുടങ്ങി. മേയര്‍ വി.കെ.പ്രശാന്ത്, കവി പ്രഭാവര്‍മ, ഒ.എന്‍.വി.യുടെ മകന് രാജീവന് തുടങ്ങിയവര്‍ ചേര്‍ന്ന് മൃതദേഹം ശാന്തികവാടത്തില്വെച്ച് വാഹനത്തില്‍നിന്ന് പുറത്തേക്കിറക്കി.
ഒരുനോക്ക് കാണാനായി ജനം തിക്കിത്തിരക്കി. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്, മുന്‍ മന്ത്രി കെ.എം.മാണി, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്, എം.എ.ബേബി, എം.പി.മാരായ എ.സമ്പത്ത്, എം.ബി.രാജേഷ്, പി.കെ.ബിജു, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ.പ്രേമചന്ദ്രന്, എം.എല്‍.എ.മാരായ ഡോ. തോമസ് ഐസക്, എ.കെ.ബാലന്, വി.ശിവന്‍കുട്ടി തുടങ്ങി ഏറെ പ്രമുഖരാണ് ശാന്തികവാടത്തിലുണ്ടായിരുന്നത്.
ചീഫ് സെക്രട്ടറി ജിജി തോംസണും ജില്ലാ കളക്ടര്‍ ബിജു പ്രഭാകറും ചേര്‍ന്ന് ദേശീയപതാക പുതപ്പിച്ചു. പോലീസ് സംഘം ആചാരവെടിയും ബ്യൂഗിളും മുഴക്കി. മകന് രാജീവന് അന്ത്യകര്‍മ്മകള്‍ നടത്തി. 11 മണിയോടെ ഒ.എന്‍.വി.യുടെ ഭൗതികശരീരം തീനാളങ്ങള്‍ ഏറ്റുവാങ്ങി.
മൃതദേഹം ചിതയിലേക്കെടുക്കുമ്പോള്‍ ശിഷ്യഗണങ്ങള്‍ വികാരഭരിതരായി. 'ശവകുടീരത്തില്‍ നീയുറങ്ങുമ്പോഴും ഇവിടെ നിന് വാക്ക് ഉറങ്ങാതിരിക്കുന്നു' എന്ന ഒ.എന്‍.വി. കവിത മുഴങ്ങി.