തിരുവനന്തപുരം: ഡി.ജി.പി. ജേക്കബ് തോമസിനും എ.ഡി.ജി.പി. ടോമിന്‍ ജെ.തച്ചങ്കരിക്കും ചീഫ് സെക്രട്ടറിയുടെ കാരണംകാണിക്കല്‍ നോട്ടീസ്. സര്‍വീസ് ചട്ടലംഘനത്തിന്റെ പേരിലാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചത്. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

സര്‍വീസിലിരിക്കെ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ കോേളജില്‍നിന്ന് പ്രതിഫലംപറ്റി ജോലിചെയ്തുവെന്നതാണ് ജേക്കബ് തോമസിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. വിജിലന്‍സ് പരിശോധനയില്‍ ജേക്കബ് തോമസിന് തെറ്റുപറ്റിയതായി തെളിഞ്ഞെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. 1,69,500 രൂപയാണ് പ്രതിമാസം ശമ്പളയിനത്തില്‍ ജേക്കബ് തോമസ് കൈപ്പറ്റിയത്.

അതേസമയം, മന്ത്രിക്കെതിരെ ജീവനക്കാരുടെ യോഗം വിളിച്ചതിനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായ ടോമിന്‍ തച്ചങ്കരിക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്.