തിരുവനന്തപുരം: പഠനം മുടക്കി പതിന്നാല് വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളെ ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. കുട്ടികളെ ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കണമെങ്കില്‍ ഇനിമുതല്‍ ജില്ലാ കളക്ടറുടേയും ജില്ലാ പോലീസ് മേധാവിയുടേയും മുന്‍കൂര്‍ അനുമതിയും വേണം.

പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 9.30നും വൈകീട്ട് 4.30നും ഇടയില്‍ കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല. ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിര്‍ദ്ദേശങ്ങളുള്ളത്.

കുട്ടികളെ നിര്‍ബന്ധപൂര്‍വം ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. അവധിദിവസങ്ങളില്‍ രാവിലെ പത്തിനും വൈകീട്ട് മൂന്നിനും ഇടയില്‍ കുട്ടികളെ നിര്‍ബന്ധപൂര്‍വം ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കരുത്. കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രകള്‍ ഒരുകാരണവശാലും മൂന്നുമണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

ഘോഷയാത്രകളില്‍ കുട്ടികളുടെ സുരക്ഷ സംഘാടകര്‍ ഉറപ്പുവരുത്തണം. വൈദ്യസഹായം ലഭ്യമാക്കുന്നതിന് ആംബുലന്‍സ് ഉള്‍പ്പെടെയുള്ളവ ക്രമീകരിക്കണം. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന പാനീയങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും ഗുണമേന്മയുള്ളവയായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പൊതുനിരത്തിലൂടെയുള്ള കുട്ടികളുടെ ഘോഷയാത്ര സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ചുകൊണ്ടായിരിക്കരുതെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

രാഷ്ട്രീയവും മതപരവുമായ ചടങ്ങുകളില്‍ കുട്ടികളെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുന്നതായി ആരോപിച്ച് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച പരാതി പരിഗണിച്ചാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്.

ദേഹത്ത് ചായംപൂശി മണിക്കൂറുകളോളം കുട്ടികളെ വെയിലത്ത് നിര്‍ത്തുന്നതായി പരാതിയില്‍ ആരോപിച്ചിരുന്നു. സ്‌കൂള്‍ കലോത്സവ പരിപാടികളിലും ജനപ്രതിനിധികളെ സ്വീകരിക്കുന്ന ചടങ്ങുകളിലും മണിക്കൂറുകളോളം കുട്ടികളെ പങ്കെടുപ്പിക്കുന്നത് പതിവാണെന്ന് കമ്മിഷനും കണ്ടെത്തിയിരുന്നു.