തിരുവനന്തപുരം: വിവാദമായ കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനത്തിന്റെ കേസുകെട്ട് ഹൈക്കോടതിയില്‍ കാണാനില്ല. നിയമനത്തിലെ അഴിമതി ചോദ്യംചെയ്തുകൊണ്ടുള്ള അടിസ്ഥാന കേസിന്റെ ഫയലാണ് കാണാതായത്. ഇതോടെ നിയമനടപടി അനിശ്ചിതത്വത്തിലായി. ഫയല്‍ കണ്ടെത്താന്‍ കേസ് പരിഗണിക്കുന്ന ന്യായാധിപന്‍ നിര്‍ദേശംനല്‍കിയിട്ടുണ്ട്.

എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കുകിട്ടുകയും അഭിമുഖം കഴിഞ്ഞപ്പോള്‍ പിന്നിലാകുകയുംചെയ്ത അനു എസ്.നായര്‍ എന്ന ഉദ്യോഗാര്‍ഥി നല്‍കിയ ഹര്‍ജിയുടെ ഫയലാണ് കാണാതായത്. കേസ് ആദ്യം പരിഗണിച്ചപ്പോള്‍ ഈ ഫയല്‍ വന്നിരുന്നു. എന്നാല്‍, പിന്നീടുള്ള പോസ്റ്റിങ്ങില്‍ ഫയല്‍ കാണാതായി.

ഇത് കണ്ടെത്താതെ കേസ് പരിഗണിക്കാന്‍ നിര്‍വാഹമില്ല. വാദികളും ചില അഭിഭാഷകരും ചേര്‍ന്ന് കേസുകെട്ട് മാറ്റി നടപടി അനിശ്ചിതമായി നീട്ടുകയാണെന്ന് ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി ചീഫ് ജസ്റ്റിസിന് പരാതിനല്‍കി. നിയമനടപടി പരമാവധി നീട്ടി കാലദൈര്‍ഘ്യത്തിന്റെ ആനുകൂല്യം നേടുകയാണ് ലക്ഷ്യമെന്നും ആക്ഷേപമുണ്ട്.

മധ്യപ്രദേശിലെ വ്യാപം അഴിമതിക്ക് തുല്യമെന്ന് വിജലന്‍സുതന്നെ വിശേഷിപ്പിച്ചതാണ് കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനം. 38,000-ത്തോളം പേര്‍ എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് മുക്കിയശേഷം രാഷ്ട്രീയക്കാരുടെയും സര്‍വകലാശാലാ ജീവനക്കാരുടെയും ബന്ധുക്കള്‍ക്കുംമറ്റും നിയമനം നല്‍കിയതാണ് കേസായത്. ഇതിനായി ഇന്റര്‍വ്യു മാര്‍ക്കിന് നിര്‍ണായക സ്വാധീനം വരത്തക്കവിധം മാനദണ്ഡമുണ്ടാക്കി.

അഴിമതി ചൂണ്ടികാട്ടി സെനറ്റംഗമായിരുന്ന സുജിത് എസ്. കുറുപ്പ് നല്‍കിയ ഹര്‍ജിയില്‍ നിയമനം റദ്ദാക്കാന്‍ ലോകായുക്ത നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പുസമിതിയിലുണ്ടായിരുന്ന വി.സി.യടക്കമുള്ളവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്കും ശുപാര്‍ശ ചെയ്തു.

ഹൈക്കോടതി നിയോഗിച്ച റിട്ട. ജഡ്ജി സുകുമാരന്‍ കമ്മീഷനും നിയമനത്തില്‍ അഴിമതി സ്ഥിരീകരിച്ചു. നിയമനം കിട്ടിയ എല്ലാവരെയും കേള്‍ക്കണമെന്ന് ഹൈക്കോടതി പറഞ്ഞപ്രകാരം വീണ്ടും ലോകായുക്ത കേസ് പരിഗണിച്ചു. നിയമനത്തില്‍ അഴിമതി നടന്നെന്നും പട്ടിക റദ്ദാക്കി പരീക്ഷനടത്തണമെന്നും ലോകായുക്ത വീണ്ടും നിര്‍ദേശിച്ചു.

ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ 2013-ല്‍ വാദം പൂര്‍ത്തിയായി. പുതിയ ബെഞ്ചില്‍ വാദംകേട്ട് തീര്‍പ്പാക്കാന്‍ വിധിവന്നു. പുതിയ െബഞ്ച് കേസ് പരിഗണിച്ചുവരവെയാണ് ഫയല്‍ കാണാതായത്.

ഇതിനിടെ, 2008-ല്‍ നിയമനം ലഭിച്ച 150 അസിസ്റ്റന്റുമാര്‍ക്ക് ഉടന്‍ സ്ഥാനക്കയറ്റം നല്‍കണമെന്ന് കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ആവശ്യപ്പെട്ടു. ഇവരുടെ സ്ഥാനക്കയറ്റം ൈഹക്കോടതി തടഞ്ഞിരിക്കയാണ്. വി.സി., പി.വി.സി., രജിസ്ട്രാര്‍, നാല് സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് നല്‍കിയ കുറ്റപത്രം ഹൈക്കോടതി തടഞ്ഞിരുന്നു. ഈ കേസില്‍ പുനരന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്.