തിരുവനന്തപുരം: ക്ഷേമപെന്‍ഷന് അര്‍ഹരായവരില്‍ 70 ശതമാനം പേര്‍ക്കും പെന്‍ഷന്‍ തുക സഹകരണ ബാങ്കുകള്‍വഴി വീടുകളില്‍ എത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ബാക്കിയുള്ളവര്‍ക്ക് അവരുടെ താത്പര്യപ്രകാരം ബാങ്ക് അക്കൗണ്ടുകള്‍വഴി പെന്‍ഷന്‍ നല്‍കും. ക്ഷേമനിധികളുടെ പെന്‍ഷന്‍ അവര്‍ നേരിട്ട് വിതരണം ചെയ്യും. മന്ത്രിസഭാ തീരുമാനപ്രകാരമാണ് ഈ നടപടി.

'ട്രഷറി ഓണ്‍ലൈന്‍' സംവിധാനപ്രകാരം ധനവകുപ്പ് 500 കോടി രൂപ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നല്‍കും. ഇതിന്റെ എഴുപത് ശതമാനം വിതരണം ചെയ്തു കഴിഞ്ഞാല്‍ അടുത്ത ഗഡു നല്‍കും. ജില്ലാ ബാങ്കുകള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ തിരഞ്ഞെടുത്ത ഒരു പ്രാഥമിക സഹകരണ സംഘത്തിന് ഗഡുക്കളായി പണം കൈമാറും.

ഓരോ പഞ്ചായത്തിലും ഓരോ ഇനം പെന്‍ഷനിലും എത്ര രൂപാവീതം നല്‍കണം എന്ന പട്ടിക ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം.) ലഭ്യമാക്കിയിരിക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ തങ്ങളുടെ ബില്‍ കളക്ടര്‍മാര്‍വഴിയോ തിരഞ്ഞെടുത്ത കുടുംബശ്രീ സ്വയംസഹായ സംഘങ്ങള്‍ വഴിയോ ഗുണഭോക്താക്കള്‍ക്ക് പണം വീടുകളില്‍ എത്തിക്കും.
 
വിതരണം നടക്കുന്ന മുറയ്ക്ക് ഇക്കാര്യം ഓണ്‍ലൈന്‍ പെന്‍ഷന്‍ പട്ടികയില്‍ രേഖപ്പെടുത്തും. ഏത് ഏജന്‍സിവഴി പെന്‍ഷന്‍ ലഭിക്കണം എന്നതുസംബന്ധിച്ച കുടുംബശ്രീ സര്‍വേ പൂര്‍ത്തിയാകുന്നതോടെ പെന്‍ഷന്‍ വിതരണം ആരംഭിക്കാനാകും.
 
അതിനുമുമ്പ് കൊല്ലം ജില്ലയില്‍ ഏതാനും പഞ്ചായത്തുകളില്‍ പരീക്ഷിച്ച് അവസാനരൂപം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബര്‍ മുതല്‍ മണിയോഡര്‍ വഴിയും പെന്‍ഷന്‍ ലഭ്യമാക്കും.