തിരുവനന്തപുരം: അടുത്തിടെ കാണാതായ ആറ്റുകാല്‍ സ്വദേശിനി നിമിഷ, ഇസ്ലാം മതത്തിലേക്കു മാറിയത്, മൂന്നുവര്‍ഷം മുമ്പ് സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററില്‍ വെച്ചാണെന്ന് പോലീസിന്റെ സ്ഥിരീകരണം.

കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചതെന്ന് പോലീസ് രേഖകള്‍ പറയുന്നു.

ആഗോള ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കുന്ന പെണ്‍കുട്ടിയെ കാസര്‍കോട്ട് പഠിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ നവംബറില്‍ കാണാതായിരുന്നു. കാണാതായ സമയത്ത് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ േപാലീസ് അന്വേഷണം നടത്തി. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് നിമിഷയുടെ മതപരിവര്‍ത്തനത്തെക്കുറിച്ചും മറ്റും വിവരിക്കുന്നത്.

കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ട് കഴിഞ്ഞ നവംബറില്‍ അന്നത്തെ സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്.

കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാള്‍ കേരള നദ്വത്തുല്‍ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
 
പിന്നീട് നിമിഷ ഫാത്തിമ നദ്വത്തുല്‍ മുജാഹിദീന്റെ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോേളജിലെ സീനിയര്‍ വിദ്യാര്‍ഥികളും നദ്വത്തുല്‍ മുജാഹിദീന്റെ സജീവപ്രവര്‍ത്തകരുമായ ആയിശ, മറിയ എന്നിവര്‍ വഴിയാണ് ബെക്‌സന്‍ വിന്‍സെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹംകഴിക്കുന്നതും.

ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍, നിമിഷ ഫാത്തിമ ബുര്‍ഖ ധരിച്ചിരുന്നുവെന്ന് അമ്മ ബിന്ദു പറയുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം പോകാന്‍ താത്പര്യം പറഞ്ഞപ്പോള്‍ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു. വെറും നാലു ദിവസത്തെ പരിചയം െവച്ചാണ് അവര്‍ വിവാഹിതരായതെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടുകാര്‍ക്കു നല്‍കിയ സൂചന.

പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ പഠനകാലത്ത് പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും നിമിഷയിലുണ്ടായ മാറ്റം സംബന്ധിച്ച് ഒരു സൂചനപോലും കോളേജ് അധികാരികള്‍ തങ്ങള്‍ക്കു നല്‍കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും ബിന്ദു പറഞ്ഞു.

അസ്വാഭാവിക സാഹചര്യത്തില്‍ കാണാതായ നിമിഷയുമായി കഴിഞ്ഞ ജൂണ്‍ 4ന് ശേഷം വീട്ടുകാര്‍ക്കു ബന്ധപ്പെടാനായിട്ടില്ല. നിമിഷയുടെ മതംമാറ്റം നടന്ന സലഫി സെന്റര്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് നാലുവര്‍ഷം മുമ്പ് പാറശ്ശാല സ്വദേശിയായ ഒരു യുവാവ് ദുരൂഹസാഹചര്യത്തില്‍ വീണുമരിച്ചിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച അന്വേഷണം ഇപ്പോള്‍ മരവിച്ച മട്ടാണ്.