തിരുവനന്തപുരം: കേരളത്തില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ സിറിയയിലും അഫ്ഗാനിസ്താനിലും എത്തിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, റോ എന്നീ ഏജന്‍സികളാണ് സംസ്ഥാന ഇന്റലിജന്‍സിനെ ഇക്കാര്യമറിയിച്ചത്. കാണാതായവരില്‍ ചിലര്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേര്‍ന്നതായാണ് സൂചന.
 
ഇക്കാര്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. കാണാതായവരുടെ വാട്‌സാപ്, ഫെയ്‌സ്ബുക്, ഇ-മെയില്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ച വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. വ്യാജ പ്രൊഫൈലുകളില്‍നിന്നാണ് ഇവര്‍ സന്ദേശമയച്ചിരിക്കുന്നതെന്ന് കണ്ടെത്തി.
 
സന്ദേശമയച്ചത് നാലു ഫോണ്‍നമ്പറുകളില്‍ നിന്നാണെന്നും കണ്ടെത്തി; ഒരു ഇന്ത്യന്‍ ടെലിഫോണ്‍ നമ്പറില്‍നിന്നും മൂന്നു വിദേശ നമ്പറുകളില്‍നിന്നും. ഫോണുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കാണാതായവര്‍ ഒരുമിച്ചോ, ചെറിയ സംഘങ്ങളായോ കഴിയുന്നതായാണ് നിഗമനം.

കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളിലെ മൂന്നുകുടുംബങ്ങളില്‍നിന്നായി മൂന്നുസ്ത്രീകളും രണ്ടു കുട്ടികളുമടക്കം 13 പേര്‍, പാലക്കാട് ജില്ലയിലെ സഹോദരന്മാര്‍, ഇവരുടെ ഭാര്യമാരായ എറണാകുളം, തിരുവനന്തപുരം സ്വദേശിനികള്‍ എന്നിവരാണ് അപ്രത്യക്ഷരായത്.
 
തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുല്ല, ഭാര്യ എറണാകുളം വൈറ്റില സ്വദേശി ആയിഷ, പടന്ന സ്വദേശി ഡോ. ഇജാസ്, ഭാര്യ റഫീല, ഇജാസിന്റെ സഹോദരന്‍ ഷിയാസ്, ഭാര്യ അജ്മല, എളമ്പച്ചി സ്വദേശി മുഹമ്മദ് മന്‍സാദ്, തൃക്കരിപ്പൂരിലെ മര്‍വാന്‍, പടന്ന സ്വദേശികളായ ഹയീസുദ്ദീന്‍, അഷ്ഫാഖ്, എളമ്പച്ചി സ്വദേശി ഫിറോസ് എന്നിവരെ കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ രണ്ടു വയസ്സുള്ള മകളും ഇജാസിന്റെ ഒന്നര വയസ്സുള്ള മകനും ഇവര്‍ക്കൊപ്പമുണ്ടെന്നാണു വിവരം.

രണ്ടുമാസത്തിനിടെ പല തവണയായാണ് ഇവരെ കാണാതായത്. ബന്ധുക്കള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വഴി ലഭിച്ച സന്ദേശങ്ങളെത്തുടര്‍ന്നാണ് ഇവര്‍ ഐ.എസ്. ക്യാമ്പില്‍ എത്തിപ്പെട്ടതായി വീട്ടുകാര്‍ സംശയിക്കുന്നത്.കാണാതായവരെ കണ്ടെത്താന്‍ കേന്ദ്ര- സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പാസ്‌പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് നടത്തുന്നത്. ഇവരുടെ ജനനത്തീയതി ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ഓഫീസ് വഴി വിവരം ശേഖരിക്കാനാണ് ശ്രമം.
 
രാജ്യംവിട്ടത് എന്നാണെന്നതടക്കമുള്ള ഇവരുടെ യാത്രാ രേഖകള്‍ ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.എന്നാല്‍ കാണാതായ സ്ത്രീകള്‍ക്കെല്ലാം പാസ്‌പോര്‍ട്ട് ഉണ്ടോ എന്ന കാര്യവും സ്ഥിരീകരിച്ചിട്ടില്ല. വിവിധ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് വിദേശസഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.

ഓണ്‍ലൈന്‍ വഴിയാണ് ഐ.എസ്. ബന്ധങ്ങള്‍ ഉണ്ടാക്കുന്നത് എന്നതുകൊണ്ട് വിവിധ ഓണ്‍ലൈന്‍ സൈറ്റുകളും സമൂഹമാധ്യമങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. നേരത്തെ ഇന്ത്യയില്‍നിന്ന് ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഐ.എസിനെതിരെ വിവിധ മുസ്ലിം സംഘടനകളെ ഉപയോഗിച്ച് ബോധവത്കരണം കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ സംഘടനകളും ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇവയൊന്നും ഐ.എസിന്റെ സ്വാധീനത കുറയ്ക്കാന്‍ സഹായകമായിട്ടില്ലെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍.