തിരുവനന്തപുരം: 'ഇഷ്ടമുള്ളയാളിനൊപ്പം ജീവിക്കണമെന്ന അവളുടെ ആവശ്യം അംഗീകരിച്ചു. ഭര്‍ത്താവിനൊപ്പം കഴിയുന്ന മകളെ ചെന്നുകണ്ടിരുന്നു. ആറ്റുകാലിലെ വീട്ടിലേക്കുവരാന്‍ അവള്‍ അനുവാദം ചോദിച്ചു. ബുര്‍ഖ ധരിച്ചുവന്നാല്‍ തടയുമോയെന്ന് ചോദിച്ചു. ഏതുവേഷത്തിലായാലും നിനക്ക് എന്റെ വീട്ടിലേക്ക് വരാമെന്നുപറഞ്ഞു' -ഐ.എസ്സില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദു വിലപിക്കുന്നു.
ഇതിനുശേഷം നിമിഷ ആറ്റുകാലിലെ വീട്ടില്‍വന്നു. ഭക്ഷണം കഴിച്ചു. മൂന്നുമണിക്കൂറോളം വീട്ടില്‍ തങ്ങിയശേഷമാണ് പോയത്. പിന്നീട് സ്ഥിരം വിളിക്കാറുണ്ടായിരുന്നു. ശ്രീലങ്കയിലേക്കുപോകുകയാണെന്ന് പറഞ്ഞപ്പോള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. മകളുടെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ സഹായവും തേടി. ആവുന്നത്ര പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
പിന്നെ ഫോണ്‍വിളിയുണ്ടായില്ല. അവളുടെ ശബ്ദം കേള്‍ക്കണമെന്ന് വാശിപിടിച്ചപ്പോള്‍ വാട്‌സാപ്പ് ശബ്ദസന്ദേശങ്ങള്‍ കിട്ടി. ജൂണ്‍ നാലുവരെ ഇത്തരം സന്ദേശങ്ങള്‍ കിട്ടാറുണ്ടായിരുന്നു. മെസേജുകള്‍ നിലച്ചപ്പോള്‍ മകളുടെ ഭര്‍തൃവീട്ടുകാരെയും അറിയിച്ചു. പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നെ അറിയുന്നത് ഈ വാര്‍ത്തയാണ്. എനിക്കെന്റെ മകളെ തിരിച്ചുതരണം - കരഞ്ഞുകൊണ്ട് ബിന്ദു പറഞ്ഞു.