തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് നിരവധിപ്പേര്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്.) ചേര്‍ന്നുവെന്നതിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച സംസ്ഥാനത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സി, റോ, മിലിറ്ററി ഇന്റലിജന്‍സ് എന്നിവ സംയുക്തമായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍നിന്നായി കാണാതായവര്‍ ഐ.എസില്‍ അംഗങ്ങളായി എന്ന് ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ഇതിനുള്ള സാധ്യതകള്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. സംസ്ഥാന പോലീസും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന് ഉത്തരമേഖലാ എ.ഡി.ജി.പി.യെ ചുമതലപ്പെടുത്തിയതായി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സംഭവം ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മലയാളികളുടെ ഐ.എസ്. ബന്ധം കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ നേരത്തെ സ്ഥിരീകരിച്ചതാണ്. വിദേശത്തേക്ക് ജോലി തേടിപ്പോയ മലയാളികള്‍ ഐ.എസിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായി സിറിയയിലേക്കു പോയ വിവരം േപാലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ സജീവമായ ചില വെബ്‌സൈറ്റുകളും നിരീക്ഷണത്തിലാണ്. കുടുംബസമേതം രണ്ടു ജില്ലകളില്‍നിന്ന് 16 പേര്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന ഇപ്പോഴത്തെ വിവരം അന്വേഷണ ഏജന്‍സികളെ ഞെട്ടിച്ചിട്ടുണ്ട്.
ഐ.എസ്. ബന്ധമുണ്ടെന്നു സംശയിക്കുന്ന നാലുപേരെ തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ കസ്റ്റഡിയിലെടുത്തത് മാസങ്ങള്‍ക്കു മുമ്പാണ്. കൊല്ലം കൊടുവായൂര്‍ സ്വദേശി അനസ്, പുനലൂര്‍ പാറത്തോട്ടം സ്വദേശി ആരോമല്‍ എന്നിവരായിരുന്നു തിരുവനന്തപുരത്ത് കസ്റ്റഡിയിലായത്. ഇവരെ ഐ.എസ്. ബന്ധം ആരോപിച്ച് വീസ റദ്ദാക്കി അബുദബിയില്‍നിന്ന് തിരിച്ചയയ്ക്കുകയായിരുന്നു.
ഐ.എസില്‍ ചേരാന്‍ പാലക്കാട് സ്വദേശി ഗള്‍ഫില്‍നിന്ന് സിറിയയിലേക്കു കടന്ന കാര്യം കഴിഞ്ഞവര്‍ഷം സംസ്ഥാന ഇന്റലിജന്‍സ് മേധാവി സ്ഥിരീകരിച്ചിരുന്നു.
ഭീകരസംഘടനയായ ഐ.എസിന്റെ സാന്നിധ്യം കേരളത്തിലും പ്രകടമാക്കുന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. 'അന്‍സാറുള്‍ ഖിലാഫ കേരള' എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റുകള്‍ മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഇന്ത്യയില്‍ ഒട്ടേറെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ മുജാഹിദീന്‍ കാലഹരണപ്പെട്ട ശേഷം അതില്‍ പ്രവര്‍ത്തിച്ചവര്‍ ചേര്‍ന്ന് 2013-ല്‍ രൂപവത്കരിച്ച അന്‍സാറുള്‍ തൗഹാദ് എന്ന സംഘടനയുമായി ഈ കൂട്ടായ്മയ്ക്ക് ബന്ധമുണ്ടോയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.
മംഗളൂരു കേന്ദ്രീകരിച്ച് ഐ.എസിലേക്ക് റിക്രൂട്ടിങ് ഏജന്‍സി പ്രവര്‍ത്തിക്കുന്നുവെന്ന സംശയം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. റിക്രൂട്ടിങ് ഏജന്‍സി വഴി ശ്രീലങ്കയിലേക്ക് മതപഠനത്തിനായി പോകുന്നവരാണ് പിന്നീട് സിറിയയിലേക്കും യമനിലേക്കും കടക്കുന്നത്.