തിരുവനന്തപുരം: അടുത്തിടെ കാണാതായ തിരുവനന്തപുരം സ്വദേശിനി ആഗോള ഭീകരസംഘടനയായ ഐ എസില്‍ ചേര്‍ന്നതായി സംശയം. കാസര്‍കോട് നിന്ന് കാണാതായവര്‍ക്കൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയും ബി ഡി എസ് വിദ്യാര്‍ത്ഥിനിയായ നിമിഷയും അപ്രത്യക്ഷയായത്.
 
മകള്‍ ഐ എസില്‍ ചേര്‍ന്നതായി സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മ ബിന്ദു വെളിപ്പെടുത്തി. മകളുടെ അസ്വാഭാവിക ബന്ധങ്ങളെക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് അമ്മ പറഞ്ഞു.. കാസര്‍കോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നിമിഷ. പഠനകാലത്ത് ഇവിടെ നിന്ന് പെണ്‍കുട്ടിയെ കാണാതായിരുന്നു.
 
പെണ്‍കുട്ടി ഒരു ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും ഇസ്ലാം മതത്തിലേക്ക് മാറിയതായും കണ്ടെത്തി. ബെക്‌സന്‍ വിന്‍സെന്റ് എന്ന് പേരുള്ള യുവാവ് പിന്നീട് ഈസാ എന്ന പേര് സ്വീകരിച്ചു. നിമിഷ ഫാത്തിമ എന്ന് പേര് പെണ്‍കുട്ടിയും സ്വീകരിച്ചു. ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍ നിമിഷ ഫാത്തിമ ബുര്‍ഖ ധരിച്ചിരുന്ന അവസ്ഥയിലായിരുന്നുവെന്ന് അമ്മ ബിന്ദു പറയുന്നു.
 
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പര്യം പറഞ്ഞപ്പോള്‍ കോടതി അന്ന് അത് അംഗീകരിക്കുകയുമായിരുന്നു. വെറും നാലുദിവസത്തെ പരിചയം വച്ചാണ് അവര്‍ വിവാഹിതരായതെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടുകാര്‍ക്ക് നല്‍കിയ സൂചന. മതം മാറിയവരുടെ സംഘത്തില്‍നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നാണ് ഈസാ നിമിഷയുടെ വീട്ടുകാരെ അറിയിച്ചത്.
 
സീനിയര്‍ വിദ്യാര്‍ഥികളിലൊരാളാണ് പെണ്‍കുട്ടിയെ യുവാവിനു പരിചയപ്പെടുത്തിക്കൊടുത്തതെന്നും സൂചനയുണ്ട്. കല്യാണത്തിനുശേഷം കുറച്ചുനാള്‍ ഇവരെക്കുറിച്ചു ഒരു വിവരവും ഇല്ലായിരുന്നു. നാലുമാസം കഴിഞ്ഞപ്പോള്‍ മകളുടെ ഫോണ്‍ വരാന്‍ തുടങ്ങി. താന്‍ സന്തോഷവതിയാണെന്നും പാലക്കാടാണെന്നും തന്നെ ഇവിടെ വന്ന് കാണാമെന്നും മകള്‍ പറഞ്ഞതായി ബിന്ദു അറിയിച്ചു ജൂണ്‍ ആദ്യംവരെ പെണ്‍കുട്ടിയുമായി അമ്മ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിരുന്നു.
 
ഒടുവില്‍ സംസാരിച്ചപ്പോള്‍ ശ്രീലങ്കയിലേക്ക് പോകുകയാണെന്ന മറുപടിയാണ് യുവതി നല്‍കിയതെന്നും അമ്മ പറയുന്നു. ഒടുവില്‍ ലഭിച്ച വോയിസ് സന്ദേശത്തില്‍ ഇന്ത്യന്‍ നമ്പരുകളൊന്നും ലഭിക്കാത്ത സ്ഥലത്താണ് തങ്ങളെന്നും മകള്‍ പറഞ്ഞു. ജൂണ്‍ നാലിന് ശേഷം വീട്ടുകാര്‍ക്ക് പെണ്‍കുട്ടിയുമായി ബന്ധപ്പെടാനായിട്ടില്ല. 16 പേരെ കാണാനില്ലെന്നും അതിലൊരു പെണ്‍കുട്ടി തന്റെ മകളാണെന്നും പിന്നീട് പത്രങ്ങളില്‍നിന്നാണ് അറിയുന്നതെന്ന് ബിന്ദു പറഞ്ഞു.