തിരുവനന്തപുരം: മന്ത്രിമാരുടെ മക്കള്‍ മറ്റു നേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്തും പുതിയ മുഖ്യമന്ത്രിയെ പരിചയപ്പെട്ടും ബുധനാഴ്ച വൈകുന്നേരം ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ കൗതുകം നിറച്ചു.
 
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ഗവര്‍ണര്‍ പി.സദാശിവം ഒരുക്കിയ ചായവിരുന്നിലാണ് മന്ത്രിമക്കള്‍ അരങ്ങ് പിടിച്ചത്. കുട്ടികളുടെ കുസൃതികള്‍ ഗവര്‍ണറെയും സന്തോഷിപ്പിച്ചു.
 
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയുടന്‍ പിണറായി, ഭാര്യ കമലയ്ക്കും മക്കള്‍ക്കും ചെറുമക്കള്‍ക്കുമൊപ്പം ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് രാജ്ഭവനിലെത്തുകയായിരുന്നു. പിന്നാലെ മറ്റു മന്ത്രിസഭാംഗങ്ങളും കുടുംബാംഗങ്ങളുമായെത്തി. ഗവര്‍ണര്‍ സദാശിവവും ഭാര്യ സരസ്വതി സദാശിവവും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.
 
പുതിയ മുഖ്യമന്ത്രിക്ക് ആശംസകളുമായി മറ്റുമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ പിണറായിക്കടുത്തെത്തി. കുട്ടികളുമായി പിണറായി കുശലം പറഞ്ഞു. സി.പി.എം. നേതാവ് പ്രകാശ് കാരാട്ടും ചടങ്ങിനെത്തിയിരുന്നു. കാരാട്ടിനെയും കുട്ടികള്‍ വെറുതെ വിട്ടില്ല. കാരാട്ടിനൊപ്പം നിന്നും ചിലര്‍ മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുത്തു.
 
മന്ത്രിമാരുടെ കുടുംബാംഗങ്ങളെ ഗവര്‍ണര്‍ പരിചയപ്പെട്ടു. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ എന്നിവരും പങ്കെടുത്തു.