തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 685 കേസുകളുള്ളത് അവരുടെ അക്രമരാഷ്ട്രീയത്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
വിവിധ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മൊത്തം 943 കേസുകളാണുള്ളതെന്ന് അവര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാകുന്നു. ഇതില്‍ 685 എണ്ണം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും 152 എണ്ണം ബി.ജെ.പി.-ബി.ഡി.ജെ.എസ്. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുമാണ്. 106 കേസുകള്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 617 കേസുകളുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 79ഉം. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ ആറ് കേസുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം വി.എസിനെതിരെ നല്‍കിയിട്ടുള്ള മാനനഷ്ടക്കേസുകളാണ്. ഒരെണ്ണം സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പ്രക്ഷോഭസമരവുമായി ബന്ധപ്പെട്ടാണ്. പിണറായി വിജയനെതിരെ ലാവ്‌ലിന്‍ കേസുള്‍പ്പെടെ 11 കേസുകളുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവുമധികം കേസുകളുള്ളത് സി.പി.എമ്മിലെ നവാഗതന്‍ നികേഷ് കുമാറിനെതിരെയാണ് 57 കേസുകള്‍. കഴക്കൂട്ടം സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ 45 കേസുമായി രണ്ടാംസ്ഥാനത്തും തലശ്ശേരിയിലെ എ.എന്‍.ഷംസീര്‍ 35 കേസുമായി മൂന്നാം സ്ഥാനത്തുമാണ്.