തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റവന്യു സെക്രട്ടറി ബിശ്വാസ് മേത്ത കേന്ദ്രസര്‍ക്കാറിന് നിവേദനം നല്‍കി. 107 പേര്‍ കൊല്ലപ്പെടുകയും 1000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ച്, ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു.
യഥാര്‍ഥ നഷ്ടം 117.35 കോടി രൂപയുടേതാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ദുരിതബാധിതര്‍ക്ക് നീണ്ടനാളത്തെ ചികിത്സയും മാനസികവും സാമൂഹികവുമായ പരിചരണവും വേണ്ടിവരും. വലിയൊരു വിഭാഗത്തിന് പൂര്‍ണമോ ഭാഗികമോ ആയ അംഗവൈകല്യം ഉണ്ടാകും. സി.ആര്‍.എഫ്. പദ്ധതിപ്രകാരമുള്ള സഹായം കൂടാതെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം അധിക സാമ്പത്തിക സഹായം നല്‍കിയാലേ ഇക്കാര്യങ്ങള്‍ നടപ്പാക്കാനാകൂ.
സര്‍ക്കാരും ആരോഗ്യവകുപ്പും ഇതുവരെ കൈക്കൊണ്ട നടപടികളുടെയും നാശനഷ്ടങ്ങളുടെയും വിശദാംശങ്ങള്‍ മെമ്മോറാണ്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിന്റെ മുറിവുണക്കാനായി ദീര്‍ഘകാലംകൊണ്ട് ചെയ്യേണ്ട കാര്യങ്ങളും നിവേദനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.