തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ നില ഗുരുതരമാക്കുന്നത് പൊള്ളലിനൊപ്പം ശ്വാസകോശപ്രശ്‌നങ്ങളും. പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റതിനൊപ്പം പുക ശ്വസിച്ചുള്ള ശ്വാസകോശ തകരാറുമാണ് പലര്‍ക്കുമുള്ളത്.
ശരീരത്തിന് പുറത്തുള്ള ചികിത്സ മാത്രമല്ല തകരാറിലായ ആന്തരികാവയവങ്ങളുടെയും ചികിത്സയാണ് സ്ഥിതി സങ്കീര്‍ണമാക്കുന്നത്. കേള്‍വിക്കുറവും കാഴ്ചാപ്രശ്‌നങ്ങളും പലരെയും അലട്ടുന്നുണ്ട്. ഇതിന് പുറമേയാണ് ശരീരത്തിലേറ്റ ക്ഷതങ്ങളും മുറിവുകളും.
ശരീരത്തിന് പുറത്തുള്ള ചികിത്സ മാത്രമല്ല തകരാറിലായ ആന്തരികാവയവങ്ങളുടെയും ചികിത്സയാണ് സ്ഥിതി സങ്കീര്‍ണമാക്കുന്നത്. കേള്‍വിക്കുറവും കാഴ്ചാപ്രശ്‌നങ്ങളും പലരെയും അലട്ടുന്നുണ്ട്. ഇതിന് പുറമേയാണ് ശരീരത്തിലേറ്റ ക്ഷതങ്ങളും മുറിവുകളും.
വിവിധരോഗ ചികിത്സാവകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണിപ്പോള്‍ മെഡിക്കല്‍കോളേജില്‍ നടത്തുന്നത്. അനസ്‌തേഷ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, ഒഫ്ത്താല്‍മോളജി, ഇ.എന്‍.ടി., സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരും ഡല്‍ഹിയിലെ എയിംസ്, റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ജംഗ് തുടങ്ങിയ ആശുപത്രികളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരും ഒരുമിച്ചാണ് ചികിത്സ ക്രമീകരിച്ചിരിക്കുന്നത്.
വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേരെ തിങ്കളാഴ്ച വിട്ടയച്ചു. അനന്ദു (18) പരവൂര്‍, രാജേന്ദ്രന്‍ നായര്‍ (52) നെടുങ്ങോലം എന്നീ രണ്ടുപേര്‍ക്കാണ് വിടുതല്‍ നല്‍കിയത്. കേള്‍വിക്കുറവ് കാരണം ചികിത്സ തേടിയെത്തിയ നെടുമങ്ങാട് സ്വദേശി കിഷോറിനെ (34) കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 47 പേരാണിപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഓര്‍ത്തോപീഡിക് ഐ.സി. യു.വില്‍ ചികിത്സയിലുണ്ടായിരുന്ന തട്ടാമല സ്വദേശി പ്രസാദിനെ (58) ഒന്‍പതാം വാര്‍ഡിലേക്ക് മാറ്റി.
പരിക്കേറ്റവരുടെ ആരോഗ്യനിലയും ചികിത്സാക്രമങ്ങളും തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക അവലോകന യോഗം വിലയിരുത്തി. വാര്‍ഡുകളില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
18-ാം വാര്‍ഡില്‍ 14 പേര്‍ ചികിത്സയിലുണ്ട്. ഒമ്പതാം വാര്‍ഡ് - 12, ഏഴാം വാര്‍ഡ് - 7, 19-ാം വാര്‍ഡ്- 2, എട്ടാം വാര്‍ഡ്-1, 20-ാം വാര്‍ഡ് -1, ആറാം വാര്‍ഡ്- 1, എസ്.എസ്.ബി. വാര്‍ഡ് 6ല്‍ -1, ഇ.എന്‍.ടി ഒബ്‌സര്‍വേഷന്‍ വാര്‍ഡ് -1 എന്നിങ്ങനെയാണ് ചികിത്സയിലുള്ളത്.
ഡോ. തോമസ് മാത്യു, എയിംസിലെ ഡോ. കപില്‍ദേപ് സോണിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍, ആര്‍.എം.എല്‍. ആശുപത്രിയിലെ ഡോ. രാകേഷ്, ഡോ. പ്രേംലാല്‍, ഡോ. കോമള റാണി, ഡോ. ഉഷാദേവി, ഡോ. ശ്രീകുമാര്‍, ഡോ. ഷൈല, ഡോ. കെ.സി. ഉഷ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.