തിരുവനന്തപുരം: സി.പി.ഐ.യുടെ നിലപാടാണ് ലോ അക്കാദമി സമരം തീര്‍ക്കുന്നതില്‍ നിര്‍ണായകമായത്. കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, ബി.ജെ.പി. നേതാക്കളായ കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ എന്നിവരുമായി സി.പി.ഐ. നേതൃത്വം ആശയവിനിമയം നടത്തി സമവായത്തിന് കളമൊരുക്കി.ചൊവാഴ്ച രാത്രിതന്നെ കോടിയേരി ബാലകൃഷ്ണനെ പന്ന്യന്‍ രവീന്ദ്രന്‍ കണ്ട് ധാരണയ്ക്കുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതുപ്രകാരം വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയ്ക്കുവിളിക്കുമെന്ന് തീര്‍പ്പായി. ബുധനാഴ്ച രാവിലെ മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.എഫ്.ഐ. ഒഴികെയുള്ള വിദ്യാര്‍ഥിസംഘടനാനേതാക്കള്‍ സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടു.

പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്ന ഒറ്റയാവശ്യത്തില്‍തട്ടി ധാരണ മുറിയേണ്ടെന്ന് അദ്ദേഹം ഉപദേശിച്ചു. ധാരണപ്രകാരം അവര്‍ പുറത്തായതിനുതുല്യമാണ്. സമരം തീരുമെന്ന മുന്‍ധാരണയില്‍ തന്നെയായിരുന്നു യോഗം ചേര്‍ന്നത്. നേരത്തേ സമരം നിര്‍ത്തിയ എസ്.എഫ്.ഐ.യും ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ ചര്‍ച്ചയില്‍വന്നില്ല. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാലാണ് ഇക്കാര്യം ചര്‍ച്ചചെയ്യപ്പെടാഞ്ഞത്. വിദ്യാര്‍ഥിസമരം തീര്‍ന്നെങ്കിലും കോളേജും സര്‍ക്കാര്‍ നല്‍കിയ സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരം തുടരാനാണ് കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും തീരുമാനം.

ലക്ഷ്മിനായരുടെ നിയമബിരുദത്തിന്റെ സാധുതതന്നെ ചോദ്യം ചെയ്യപ്പെട്ടതിനാല്‍ അവര്‍ക്ക് കോളേജിലേക്ക് മടങ്ങുക എളുപ്പമല്ല. ഒരേസമയം, രണ്ടുസര്‍വകലാശാലകളില്‍ പഠിച്ചതിന് അവര്‍ക്കെതിരേ അന്വേഷണം നടക്കുകയാണ്. ഇതും മാനേജ്‌മെന്റിനെ ധാരണയ്ക്ക് നിര്‍ബന്ധിച്ചു. ആദ്യം സമരം ഒത്തുതീര്‍ക്കാന്‍ ധാരണ ഒപ്പിട്ട എസ്.എഫ്.ഐ.ക്ക് പുതിയകരാറിലും ഒപ്പിടേണ്ടിവന്നത് ക്ഷീണമായി. സമരം അവസാനിപ്പിച്ച കുട്ടികള്‍ നഗരത്തിലും ലോ അക്കാദമിയിലും ആഹ്ലാദപ്രകടനം നടത്തി.