തിരുവനന്തപുരം: ഹർത്താലിന്റെ പേരിൽ സ്വകാര്യസ്വത്തു നശിപ്പിച്ചാൽ ജീവപര്യന്തം തടവും പിഴയും വ്യവസ്ഥചെയ്യുന്ന നിയമം കൊണ്ടുവരുന്നു. രാഷ്ട്രീയ, സാമൂഹിക, മത സംഘടനകളും മറ്റു ഗ്രൂപ്പുകളും സൃഷ്ടിക്കുന്ന വർഗീയസംഘർഷം, ഹർത്താൽ, ബന്ദ്, പ്രതിഷേധപ്രകടനം, റോഡ് ഉപരോധം തുടങ്ങിയവയുടെ ഭാഗമായി സ്വകാര്യ സ്വത്തിനോ സ്ഥാപനങ്ങൾക്കോ നാശംവരുത്തുന്നവരെ കർശനമായി നേരിടാനാണ് നിയമനിർമാണം.

ഇതിനായി ‘കേരള പ്രിവൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് പേമെന്റ് ഓഫ് കോമ്പൻസേഷൻ ഓർഡിനൻസ് 2019’ എന്ന പേരിൽ ഓർഡിനൻസ് ഇറക്കാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഓർഡിനൻസ് ഗവർണർ അംഗീകരിക്കുന്നതോടെ നിയമം നിലവിൽവരും.

ഇത്തരം കേസുകളിലെ പ്രതികൾക്കു ജാമ്യംലഭിക്കുന്നതിനു കർശന വ്യവസ്ഥകളാണുള്ളത്. പ്രോസിക്യൂഷന്റെ ഭാഗം കേട്ടശേഷമേ ജാമ്യം അനുവദിക്കാവൂ. സ്വത്തുക്കൾക്കുണ്ടായ നഷ്ടത്തിന്റെ പകുതി തുക ബാങ്ക് ഗാരന്റി നൽകുകയോ കോടതിയിൽ കെട്ടിവെക്കുകയോ ചെയ്താലേ ജാമ്യം ലഭിക്കൂ. സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് അനുസരിച്ചാണു കോടതി നഷ്ടംകണക്കാക്കുക. കുറ്റം തെളിഞ്ഞാൽ പ്രതികളിൽനിന്നു നഷ്ടപരിഹാരം ഈടാക്കാനും വ്യവസ്ഥയുണ്ട്. നഷ്ടം കേരള റവന്യൂ റിക്കവറി നിയമപ്രകാരം ജപ്തി നടപടികളിലൂടെ ഈടാക്കാം.

പൊതുമുതൽ നശിപ്പിക്കുന്നതു തടയുന്നതിനു കേന്ദ്രനിയമം നിലവിലുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നവർക്കു ജാമ്യം ലഭിക്കണമെങ്കിൽ നഷ്ടത്തിനു തുല്യമായ മുഴുവൻ തുകയും കെട്ടിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവുമുണ്ട്.

തീവെച്ചാൽ ജീവപര്യന്തം

സ്വകാര്യസ്വത്ത് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമിക്കുകയോ തീവെക്കുകയോ ചെയ്താൽ ജീവപര്യന്തമോ കുറഞ്ഞത് 10 വർഷം വരെയോ തടവും പിഴയും ലഭിക്കാം. സംഘർഷത്തിന്റെയും ഹർത്താലിന്റെയും പ്രതിഷേധത്തിന്റെയും ഭാഗമായി സ്വകാര്യസ്വത്തുക്കൾക്കു നാശമുണ്ടാക്കിയെന്നുതെളിഞ്ഞാൽ അഞ്ചുവർഷംവരെ തടവും പിഴയും വിധിക്കാം.

സർക്കാരിന്റെ ഉത്തരവാദിത്വം

ഹർത്താലിന്റെ പേരിലുള്ള അക്രമങ്ങൾ വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നിയമനിർമാണം. സംസ്ഥാനത്ത് അക്രമം വ്യാപിപ്പിക്കുന്നതിന് ആസൂത്രിത ശ്രമമാണു നടക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതു സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഇതു കണക്കിലെടുത്താണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.

-മുഖ്യമന്ത്രി പിണറായി വിജയൻ