തിരുവനന്തപുരം: പ്രളയത്തിൽ ഒഴുകിയെത്തിയ മാലിന്യവും വെള്ളം കയറിയ വീടുകളിലെ പാഴ്വസ്തുക്കളും ജലാശയങ്ങളിലോ പൊതുസ്ഥലത്തോ വലിച്ചെറിയുന്നവർക്കെതിരേ നടപടിയെടുക്കും. ഇതിന് കളക്ടർമാർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മാലിന്യം സംഭരിക്കാൻ പൊതുകേന്ദ്രങ്ങൾ വരും. നശിച്ച കിടക്കകളും തുണിത്തരങ്ങളും പ്ലാസ്റ്റിക്കും തരംതിരിച്ച് ഇവിടങ്ങളിൽ സംഭരിക്കും. ഇതിന് പലേടത്തും സംഭരണസ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്ന സ്ഥലങ്ങളിൽ ഉടൻ കണ്ടെത്തും.
മാലിന്യവും പാഴ്വസ്തുക്കളും ക്ലീൻ കേരള കമ്പനി ഏറ്റെടുക്കും. ഇവ പുനരുപയോഗിക്കുന്നതിനുള്ള സാധ്യതകൾ തേടുന്നതായി ശുചിത്വ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ അജയ് കുമാർ വർമ പറഞ്ഞു. വെള്ളംകയറി നശിച്ച, കത്തിക്കാനാവുന്ന ഫോം കിടക്കളും തുണിത്തരങ്ങളും സിമന്റ് നിർമാണത്തിന് പ്രയോജനപ്പെടുത്തും. ഇവ ഏറ്റെടുക്കാൻ ചില സിമന്റ് നിർമാണ കമ്പനികൾ തയ്യാറായിട്ടുണ്ട്. ഇവ കഷണങ്ങളാക്കി സിമന്റ് കമ്പനികൾക്ക് കൈമാറും. പ്ലാസ്റ്റിക് മാലിന്യം സംസ്ഥാനത്തെ ഷ്രെഡിങ് കേന്ദ്രങ്ങളിൽ സംസ്കരിച്ച് റോഡ് നിർമാണത്തിന് ഉപയോഗിക്കും.
ശുചീകരണത്തിനും സംസ്കരണത്തിനും ആവശ്യമെങ്കിൽ കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി അജൈവമാലിന്യ നിർമാർജന പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് ശുചിത്വ മിഷൻ ഡയറക്ടർ എൽ.പി. ചിത്തർ പറഞ്ഞു. മാലിന്യം ഏതെല്ലാം വിധത്തിൽ സംസ്കരിക്കാനാകുമെന്നതിനെക്കുറിച്ച് പഠനം നടക്കുന്നുണ്ടെന്നും ഒന്നോ രണ്ടോ മാസംകൊണ്ട് മാത്രമേ പൂർവസ്ഥിതിയിലെത്താൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.