തിരുവനന്തപുരം: ദുരഭിമാനം വെടിഞ്ഞ് ദുരന്തനിവാരണം പൂർണമായും സൈന്യത്തെ ഏൽപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സൈന്യത്തെ വിളിക്കാൻ എന്തുകൊണ്ടാണ് സംസ്ഥാനസർക്കാർ വൈകിയതെന്ന് മനസ്സിലാകുന്നില്ല. ദുരന്തമുഖത്ത് ഇപ്പോൾത്തന്നെ സൈന്യത്തിന്റെ സാനിധ്യം കുറവാണ്. രക്ഷാച്ചുമതല പൂർണമായും അവരെ ഏൽപ്പിക്കണമെന്ന് തൊഴുകൈകളോടെ ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

തഹസിൽദാർക്കും വില്ലേജ് ഓഫീസർക്കും ചെയ്യാവുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ട്. ഓഗസ്റ്റ് 15 മുതൽ സൈന്യത്തെ വിളിക്കാൻ താൻ ആവശ്യപ്പെടുന്നു. എന്നാൽ, മുഖ്യമന്ത്രി ഇതു പുച്ഛിച്ച് തള്ളുകയായിരുന്നു. ഒന്നും ചെയ്യാനാകാത്ത സാഹചര്യം എം.എൽ.എ.മാർ കരഞ്ഞുകൊണ്ടാണ് വിവരിക്കുന്നത്. ഇത്തരം ദുഷ്കരമായ ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ളവരാണ് സൈനികർ. അസമിലും മറ്റും അത് രാജ്യംകണ്ടതാണ്. തിരുവല്ല, ചെങ്ങന്നൂർ, റാന്നി, കുട്ടനാട്, ആലുവ, പറവൂർ, അങ്കമാലി തുടങ്ങി വിവിധ സ്ഥലങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകളാണ് ജീവനു വേണ്ടി താണുകേണപേക്ഷിക്കുന്നത്. .

സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എങ്ങുമെത്തുന്നില്ല. ആയിരങ്ങൾ വീട്ടിൽ കുടുങ്ങിക്കിടക്കുന്നു. ക്യാമ്പിൽ എത്തിച്ചവർക്ക് ഭക്ഷണവും വസ്ത്രവും മരുന്നുമില്ല. ആളില്ലാ വിമാനങ്ങൾ വഴി കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ തക്ക സംവിധാനംവരെ വായുസേനയ്ക്കുണ്ട്.

ദേശീയദുരന്തമായി പ്രഖ്യാപിക്കണം

പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ഇത് ദേശീയ ദുരന്തമല്ലെങ്കിൽ പിന്നെ ഏതാണ് ദേശീയദുരന്തമാകുക. താൻ സൈന്യത്തെ രക്ഷാപ്രവർത്തനത്തിന് വിളിക്കണമെന്നു പറഞ്ഞപ്പോൾ സൈന്യത്തെ ഭരണം ഏൽപ്പിക്കാൻ നോക്കേണ്ടെന്നാണ് കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്. ഭരണഘടനാപരമായി അത് സാധ്യമല്ലല്ലോ. രക്ഷാപ്രവർത്തനത്തിന് വിളിക്കണമെന്ന് പറയുമ്പോൾ ഭരണം സൈന്യത്തെ ഏൽപ്പിക്കലാണ് അതിന്റെ അർഥമായി കാണുന്നവരെക്കുറിച്ച് എന്തു പറയാനാണ്? സംസ്ഥാനസർക്കാരിന്റ വീഴ്ച മറച്ചുപിടിക്കാനാണ് കോടിയേരി ബാലകൃഷ്ണൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.