തിരുവനന്തപുരം: അണക്കെട്ടുകൾ തുറക്കുന്നതിനുമുമ്പ് മുന്നറിയിപ്പു നൽകുന്നതിലും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിലും പൊറുക്കാനാകാത്ത വീഴ്ചയാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാഗ്രതയും ശാസ്ത്രീയ മുന്നൊരുക്കവും ഇല്ലാതെ 44 ഡാമുകളും ഒരേസമയം തുറന്നു. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കേരളത്തെ തകർത്തു.

പത്തുലക്ഷം പേരാണ് അഭയാർഥികളായി ക്യാമ്പുകളിലെത്തിയത്. അഞ്ചുദിവസത്തോളം ഇവർ നരകയാതന അനുഭവിച്ചു. ദുരന്തം ഉണ്ടാക്കിയതിന്റെ പൂർണ ഉത്തരവാദി ദുരന്തനിവാരണ അതോറ്റിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.

ഡാമുകൾ തുറന്നുവിട്ടതടക്കമുള്ള കാര്യങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം. ദുരന്തസാധ്യത മുൻകൂട്ടിയറിഞ്ഞ് മുന്നൊരുക്കങ്ങൾ നടത്താൻ സർക്കാരിനായില്ല. ഡാമുകൾ തുറക്കുമ്പോൾ എവിടെയൊക്കെ വെള്ളപ്പൊക്കമുണ്ടാകുമെന്നും ഏതൊക്കെഭാഗങ്ങൾ മുങ്ങുമെന്നും സർക്കാരിന് ഒരു രൂപവുമുണ്ടായില്ല. പല സ്ഥലങ്ങളിലും രാത്രി വെള്ളം വീടുകളിലേക്ക് ഇരച്ചുകയറി.

ഇടുക്കി സംഭരണിയിലെ വെള്ളമുപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതി വിറ്റ് പണം ഉണ്ടാക്കുന്നതിൽ മാത്രമായിരുന്നു വൈദ്യുതി ബോർഡിന്റെ ശ്രദ്ധ. ചെറുതോണി തുറക്കുന്ന കാര്യത്തിൽ മന്ത്രിമാരായ മാത്യു ടി. തോമസും എം.എം. മണിയും തമ്മിൽ തർക്കമുണ്ടായി. ഡാം തുറക്കേണ്ടെന്ന നിലപാടായിരുന്നു മാത്യു ടി. തോമസിന്.

പെരിങ്ങൽക്കുത്ത് ജൂൺ പത്തിന് പൂർണശേഷിയിലെത്തിയിരുന്നു. ഡാം തുറക്കാൻ അധികൃതർ തയ്യാറായില്ല. അപ്പർ ഷോളയാറിൽനിന്ന് തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളം ഒഴുക്കിയത് പ്രശ്നം വഷളാക്കി. അതുതടയാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ല. ഇക്കാര്യത്തിൽ ഇറിഗേഷൻ ചീഫ് എൻജിനീയർക്കും ജലസേചന മന്ത്രിക്കും വലിയ വീഴ്ചയുണ്ടായി.

ഡാമുകളിൽനിന്ന് ചെറിയ അളവിൽ ആദ്യംമുതൽ വെള്ളം തുറന്നുവിട്ടിരുന്നെങ്കിൽ പമ്പാ തീരത്തെ അപ്രതീക്ഷിത വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നു. പരമാവധി ശേഷിയിലെത്തുമ്പോൾ അണക്കെട്ടു തുറക്കുകയെന്ന തത്ത്വമാണ് കെ.എസ്.ഇ.ബിയും ജലവിഭവ വകുപ്പും സ്വീകരിച്ചത്.

രണ്ടുമാസമായി കുട്ടനാട് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ആദ്യം അധികൃതർ അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. ഇപ്പോൾ കുട്ടനാട്ടിലെ 90 ശതമാനം ആളുകളെയും ഒഴിപ്പിക്കേണ്ടിവന്നു. ഒരു നാടു മുഴുവനും അഭയാർഥികളായി. തണ്ണീർമുക്കം ബണ്ടിലെ മണൽച്ചിറ മാറ്റാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സി.പി.എം. ഭരിക്കുന്ന പഞ്ചായത്തും കരാറുകാരനും തമ്മിൽ മണൽവിലയുടെ പേരിൽ തർക്കിക്കുകയാണ്. തോട്ടപ്പള്ളി സ്പിൽവേ യഥാസമയം ഉയർത്തുന്നതിലും അനാസ്ഥയുണ്ടായി. ദുരിതാശ്വാസനിധിയിലേക്കുവരുന്ന തുക പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.