തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ സോൺ സ്റ്റാർട്ടപ്പ്‌സ് ഇന്ത്യയുമായി ചേർന്ന് അഖിലേന്ത്യ തലത്തിൽ നടത്തുന്ന സ്റ്റാർട്ടപ്പ് ആക്‌സിലറേഷന്റെ മൂന്നാംഘട്ടത്തിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

വളർച്ചാസാധ്യതയുള്ള സ്റ്റാർട്ടപ്പുകൾക്ക് മികച്ച ഉത്‌പന്നങ്ങളിലൂടെ വിപണിയും ഉപഭോക്താക്കളും വർധിപ്പിക്കുന്നതിനു സഹായം നൽകുക എന്നതാണ് ലക്ഷ്യം. ഫെബ്രുവരി 22 മുതൽ മൂന്നു മാസത്തേക്കാണ് പരിപാടി. മൂന്നാമത്തെ മാസത്തിൽ ഒരാഴ്ച ബെംഗളൂരുവിലോ മുംബൈയിലോ ഇവരെ നിയോഗിക്കും. ഒരുദിവസം നിക്ഷേപകരുമായി ആശയവിനിമയത്തിന് അവസരമുണ്ടാകും. പ്രാരംഭഘട്ടമായ ഇൻകുബേഷനുശേഷം സ്റ്റാർട്ടപ്പുകളുടെ വളർച്ചയിലെ രണ്ടാംഘട്ടമാണ് ആക്‌സിലറേഷൻ.

സ്വന്തം ഉത്‌പന്നങ്ങൾ വിപണിയിലിറക്കിയിട്ടുള്ള സ്റ്റാർട്ടപ്പുകൾക്ക് പരിപാടിയിൽ പങ്കെടുക്കാൻ https://goo.gl/vUw8qF എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം. സ്റ്റാർട്ടപ്പ് മിഷൻ വെബ്‌സൈറ്റിൽനിന്ന് (https://startupmission.kerala.gov.in/k-accelerator). കൂടുതൽ വിവരങ്ങൾ ലഭിക്കും. ഫെബ്രുവരി 13-ന്‌ നടക്കുന്ന പിച്ചിങിനുശേഷം 15-ന് വിജയികളെ പ്രഖ്യാപിക്കും. 22-നാണ് ആക്‌സിലറേഷൻ തുടങ്ങുക.