തിരുവനന്തപുരം: വിരമിച്ച സർക്കാർ ജീവനക്കാർക്ക് 60 വയസ്സുവരെ പുനർനിയമനം നൽകാനുള്ള വിദഗ്ധസമിതി ശുപാർശ നടപ്പാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ, വിരമിക്കുന്ന ജീവനക്കാരിൽ താത്പര്യമുള്ളവരെ ശമ്പളവും ആനുകൂല്യവും വർധിപ്പിക്കാതെ 60 വയസ്സുവരെ തുടരാൻ അനുവദിക്കണമെന്നായിരുന്നു മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി മേധാവിയുമായ ഡോ. കെ.എം.എബ്രഹാം അധ്യക്ഷനായ സമിതി ശുപാർശചെയ്തത്. ഇവരുടെ പെൻഷൻ ആനുകൂല്യങ്ങൾ വിരമിച്ചശേഷം നൽകിയാൽ മതിയെന്നും നിർദേശിച്ചു.

ഉദ്യോഗസ്ഥസമിതിക്ക് ഏതുനിർദേശവും മുന്നോട്ടുവെക്കാൻ സ്വാതന്ത്ര്യമുണ്ട്. അതിൽ രാഷ്ട്രീയനയങ്ങളുമായി യോജിക്കുന്നതേ സർക്കാർ നടപ്പാക്കൂ. പെൻഷൻപ്രായം കൂട്ടാനോ ഏതെങ്കിലും തരത്തിൽ വിരമിക്കൽ നീട്ടിവെക്കാനോ ഈ സർക്കാർ തീരുമാനിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.

മദ്യത്തിന്റെ നികുതി ഉയർത്തുക, പെട്രോളന്റെയും ഡീസലിന്റെയും നികുതിഘടന പരിഷ്കരിച്ച് നിരക്ക് ഉയർത്തുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ സ്വീകരിക്കില്ല. കോവിഡ് കാരണം സർക്കാരിനുണ്ടായ സാമ്പത്തികപ്രതിസന്ധി പഠിക്കാൻ സെന്റർ ഫോർ െഡവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. സുനിൽ മാണി അധ്യക്ഷനായി മറ്റൊരു സമിതിയെയും സർക്കാർ നിയോഗിച്ചിരുന്നു. പെൻഷൻപ്രായം 58 ആയി ഉയർത്തിയാൽ വർഷംതോറും 5265 കോടിരൂപ ലാഭിക്കാമെന്നാണ് സമിതി ശുപാർശ. അതും സർക്കാർ അംഗീകരിച്ചില്ല.

ഭൂമിയുടെ ന്യായവില വർഷംതോറും കൂട്ടാനും ലോട്ടറിവില്പന വർധിപ്പിക്കാനും സമിതി ശുപാർശചെയ്തിരുന്നു. അത്തരം കാര്യങ്ങൾ ചർച്ചചെയ്തശേഷം തീരുമാനിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.