തിരുവനന്തപുരം: ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന 3.1 കിലോ സ്വർണവുമായി മൂന്നുയാത്രക്കാരെ വിമാനത്താവളത്തിൽ പിടികൂടി. കാസർകോട് സ്വദേശി അറയിൽ മമ്മൂട്ടി, ചെന്നൈ സ്വദേശികളായ മൊയ്ദീൻ നൈനാ മുഹമ്മദ്, അബ്ദുൾ ഗഫൂർ എന്നിവരെയാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.

വെള്ളിയാഴ്ച പുലർച്ചെ ഷാർജയിൽനിന്ന്‌ തിരുവനന്തപുരത്തെത്തിയശേഷം തിരികെ ചെന്നൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണിവർ. സാധാരണരീതിയിൽ ഇവരെ ചെന്നൈയിലാണ് കസ്റ്റംസ് പരിശോധിക്കേണ്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തുെവച്ച് പരിശോധിച്ചത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ഇതേവിധത്തിൽ കയറുന്ന കൂട്ടാളികൾക്കാണ് ഇവർ സ്വർണം കൈമാറുക. ആഭ്യന്തരയാത്രയായതിനാൽ ഇവരെ കസ്റ്റംസ് പരിശോധിക്കാറില്ല.

അറയിൽ മമ്മൂട്ടിയുടെ പക്കൽനിന്ന്‌ അടിവസ്ത്രത്തിൽ ഒളിപ്പിച്ചനിലയിൽ 916 ഗ്രാം തൂക്കമുള്ള എട്ട് സ്വർണ ബിസ്‌ക്കറ്റുകളും ആഭരണങ്ങളും കണ്ടെടുത്തു. അബ്ദുൾ ഗഫൂറിന്റെ അടിവസ്ത്രത്തിനുള്ളിൽ വെള്ളിപൂശിയ 1.7 കിലോ വരുന്ന ആഭരണങ്ങളാണ് ഒളിപ്പിച്ചിരുന്നത്. ഇയാളുടെ സുഹൃത്തുകൂടിയായ മൊയ്ദീൻ നൈനാ മുഹമ്മദിൽനിന്ന് കുഴൽ രൂപത്തിലാക്കിയ അരക്കിലോ സ്വർണവും കണ്ടെടുത്തു. 250 ഗ്രാം വീതമുള്ള സ്വർണം കുഴൽ രൂപത്തിലാക്കിയശേഷം കറുത്ത കടലാസിൽ പൊതിഞ്ഞ് മലദ്വാരത്തിൽ വെക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

അറയിൽ മമ്മൂട്ടി, അബ്ദുൾ ഗഫൂർ എന്നിവരെ കസ്റ്റംസ് അറസ്റ്റുചെയ്തു. 20 ലക്ഷം രൂപയ്ക്കുതാഴെ വിലയുള്ള സ്വർണമാണ് നൈനാ മുഹമ്മദ് കടത്താൻ ശ്രമിച്ചത്. ഇയാൾക്കെതിരേ കേസെടുത്തു.

എയർ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്‌ണേന്ദു രാജാ മിന്റുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ശ്രീകുമാർ, ആൻസി, ഇൻസ്‌പെക്ടർമാരായ പ്രമോദ്, ഷിബു, രജനീഷ്, സുധാംശു എന്നിവരാണ് ഇവരെ പിടികൂടിയത്.