തിരുവനന്തപുരം: ശബരിമലയിൽ മുൻ തന്ത്രിയുടെ അറിവോടെ വനിതകൾ ദർശനം നടത്തിയതായും അന്ന് നടയടയ്ക്കുകയും ശുദ്ധിക്രിയ നടത്തുകയും ചെയ്തിരുന്നില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം പി.കെ. ചന്ദ്രാനന്ദന്റെ മകൾ ഉഷാ വിനോദ് പത്രസമ്മേളനത്തിൽ പറഞ്ഞു.

സഹോദരൻ ആലപ്പുഴ എസ്.ഡി. കോളേജിലെ പ്രൊഫസറായ അശോകന്റെ ചോറൂണിന് 1969 ഡിസംബറിലാണ് കുടുംബത്തിലെ വനിതകൾ ശബരിമലയിൽ പോയത്. 34 വയസ്സുള്ള അമ്മ പി.കെ. ഭദ്രയ്ക്കും ഇളയസഹോദരിമാർക്കുമൊപ്പം ആറുവയസ്സുള്ള താനും പങ്കെടുത്തിരുന്നു. മറ്റ് കുടുംബങ്ങളിലെ വനിതകൾ കെട്ടില്ലാതെ വടക്കേനട വഴി ദർശനം നടത്തിയതും അറിയാം. പി.കെ. ചന്ദ്രാനന്ദനുമായി അടുത്ത ബന്ധമുള്ള തന്ത്രി കണ്ഠരര് മഹേശ്വരര് അന്ന് പരിഹാരക്രിയ നടത്തിയതായി അറിവില്ല.

ശബരിമലയിലേക്ക് റോഡ് നിർമിക്കുമ്പോൾ എളുപ്പവഴി കണ്ടെത്താൻ ഗോത്രവർഗക്കാരുടെ ഉപദേശം തേടണമെന്ന് തന്ത്രി അച്ഛനോട് പറഞ്ഞിരുന്നു. ചന്ദ്രാനന്ദൻ എന്ന റോഡ് അങ്ങനെ രൂപപ്പെട്ടതാണ്. പി. കെ. ചന്ദ്രാനന്ദൻ അംഗമായിരുന്ന ദേവസ്വം ബോർഡാണ് തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രത്തിൽ വനിതകൾക്ക് പ്രവേശനം അനുവദിച്ചതെന്നും ഉഷാ വിനോദ് പറഞ്ഞു. മന്ത്രി ഇ.പി. ജയരാജന്റെ പേഴ്‌സണൽ സ്റ്റാഫിൽ അംഗമാണ് ഉഷാ വിനോദ്.