തിരുവനന്തപുരം: ശബരിമലയുടെ പേരിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നടക്കുന്ന നിരാഹാര സത്യാഗ്രഹമടക്കമുള്ള സമരപരിപാടികൾ ബി.ജെ.പി. തുടരും. മണ്ഡലപൂജ നടക്കുന്ന 27 വരെയെങ്കിലും നിരാഹാരസമരം നടത്താനാണ് തീരുമാനം. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുകയാണെങ്കിൽ നിരാഹാരസത്യാഗ്രഹം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്നും നേതാക്കൾ സൂചന നൽകി.

ഡിസംബർ മൂന്നിനു തുടങ്ങിയ സത്യാഗ്രഹം പത്തുദിവസം പിന്നിട്ടു. ആദ്യം നിരാഹാരം കിടന്ന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ അവശനായതിനെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ടുമുതൽ മുതിർന്ന നേതാവ് സി.കെ. പദ്മനാഭനാണ് സത്യാഗ്രഹം നടത്തുന്നത്.

അതേസമയം, സർക്കാർ ചർച്ചയ്ക്കുപോലും തയ്യാറാകാത്ത സാഹചര്യത്തിൽ സത്യാഗ്രഹം നീട്ടിക്കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടുകൾ നേതാക്കൾ പങ്കുവെക്കുന്നു. മണ്ഡലപൂജ കഴിഞ്ഞ് അടുത്തഘട്ടം സമരം ആലോചിക്കും.

തിരഞ്ഞെടുപ്പ് ഒരുക്കം ജനുവരിയിൽ

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം കേരള നേതൃത്വത്തിലും അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. ശബരിമലയുടെ പേരിൽ നടത്തിയ സമരത്തിലൂടെ കേരളത്തിൽ നല്ല വേരോട്ടം ഉണ്ടാക്കാനായെന്ന വിശ്വാസത്തിലായിരുന്നു പാർട്ടി.

കേരളത്തിൽ നാലു ലോക്‌സഭാ മണ്ഡലങ്ങളിൽ വിജയസാധ്യത പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായുണ്ടായ പരാജയവും ദേശീയ രാഷ്ട്രീയത്തിലുണ്ടായ തകിടംമറിച്ചിലുകളും. ജനുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന വിപുലമായ ദേശീയ കൺവെൻഷനുശേഷമായിരിക്കും കേരളത്തിലെയും തിരഞ്ഞടുപ്പ് ഒരുക്കം ഊർജിതമാക്കുക.

content highlights: sabarimala, bjp