തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരസത്യാഗ്രഹം നടത്തുന്ന ബി.ജെ.പി. ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ ആരോഗ്യനിലയിൽ നേരിയ മാറ്റം. രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞിട്ടുണ്ട്. എന്നാൽ, നിരാഹാരത്തിൽനിന്നു പിന്മാറാൻ അദ്ദേഹം തയ്യാറായിട്ടില്ല. ദിവസം രണ്ടുനേരം അദ്ദേഹത്തെ ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്. വെള്ളിയാഴ്ച നിരാഹാര സത്യാഗ്രഹം അഞ്ചാം ദിവസത്തിലേക്കു കടന്നു.

പിണറായി കേരളത്തിലെ സി.പി.എമ്മിൻറെ അവസാന മുഖ്യമന്ത്രി -എച്ച്.രാജ

ശബരിമലവിധിയിൽ ധൃതി കാണിക്കുന്ന പിണറായി വിജയൻ, പിറവം പള്ളി വിധിയിൽ മൗനംപാലിക്കുന്നതെന്തിനെന്ന് ബി.ജെ.പി. അഖിലേന്ത്യ സെക്രട്ടറി എച്ച്.രാജ ചോദിച്ചു. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന നിരാഹാരസമരം നാലാംദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പള്ളിത്തർക്കം സംബന്ധിച്ചുള്ള സുപ്രിംകോടതി വിധി സർക്കാർ ആദ്യം നടപ്പാക്കണം. ശബരിമലവിധി ദൈവഭയമുള്ള ഹിന്ദുക്കളുടെ മനസ്സിൽ നിശ്ശബ്ദവിപ്ലവം ഉണ്ടാക്കിയിരിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് കേരള സർക്കാരെന്ന് ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.

കെ.സുരേന്ദ്രനെതിേരയുള്ള കള്ളക്കേസുകൾ പിൻവലിക്കുക, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുക, അയ്യപ്പന്മാരെ കള്ളക്കേസിൽ കുടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാരസമരം. ബി.ജെ.പി. വക്താവ് എം.എസ്.കുമാർ അധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറി വി.കെ.സജീവൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു കൈമൾ, അരുവിക്കര മണ്ഡലം അധ്യക്ഷൻ മുളയറ രതീഷ്, മുക്കംപാലമൂട് ബിജു, ബിജു ബി.നായർ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Sabarimala, BJP