തിരുവനന്തപുരം: ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുയർന്ന എസ്.പി. യതീഷ് ചന്ദ്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രിയോട് പോലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയിട്ടില്ല. പോലീസ് ഇടപെടൽ ശരിയായ ദിശയിലാണ്. കൃത്യമായി ജോലിചെയ്യുന്ന പോലീസുദ്യോഗസ്ഥരെ അപമാനിക്കാനും ആക്രമിക്കാനുമാണ്‌ സംഘപരിവാർ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

പോലീസ് ചെയ്തത്‌ ശരി

പ്രളയത്തിൽ പമ്പയിൽ വാഹനപാർക്കിങ് സംവിധാനം തകർന്നതിനെത്തുടർന്ന്‌ സ്വകാര്യവാഹനങ്ങൾ അവിടേക്ക്‌ കടത്തിവിടില്ല. കേന്ദ്രമന്ത്രിയെപ്പോലുള്ള വി.വി.ഐ.പി.കളുടെ വാഹനം തടയില്ല. കേന്ദ്രമന്ത്രിയോടൊപ്പമുള്ളവരുടെ വാഹനം തടഞ്ഞതാണ്‌ പ്രശ്നമായത്. ഇതേക്കുറിച്ച് പോലീസിനോട് കേന്ദ്രമന്ത്രി സംസാരിച്ചു. പോലീസിന്‌ മറുപടിപറയേണ്ടിവന്നു. അതിൽ അപാകമില്ല. ജാതി പറഞ്ഞുപോലും പോലീസിനെ ആക്ഷേപിക്കുകയാണ്. ചില ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഭാര്യാവീടിന്‌ മുന്നിൽപോലും പ്രകടനം നടത്തുന്ന സ്ഥിതിയുണ്ടായി.

ശബരിമലയിലെ പോലീസ് ഇടപെടൽ ശരിയായ ദിശയിലാണെന്ന്‌ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ ചില ചോദ്യങ്ങൾ ഉത്തരവായി വ്യാഖ്യാനിക്കുന്നത് ദൗർഭാഗ്യമായിപ്പോയി. അതൊന്നും വിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹൈക്കോടതിയുടെ 14 പേജുള്ള ഉത്തരവിൽ ഒരു പോലീസുദ്യോഗസ്ഥനെയും പരാമർശിക്കുന്നില്ല.

ഹൈക്കോടതിവിധി സർക്കാരിനൊപ്പം

പൊതുവിൽ ശബരിമലയിൽ സർക്കാർ സ്വീകരിച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന വിധിയാണ്‌ ഹൈക്കോടതിയിൽനിന്നുണ്ടായത്. അക്രമികളെ നേരിടാൻ പോലീസിന് പൂർണ അധികാരം നൽകുന്നതാണ് വിധി. ശബരിമലയിൽ ദർശനത്തിനെത്തുന്ന യഥാർഥഭക്തരെ തടസ്സപ്പെടുത്താതിരിക്കാനാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശരണംവിളി തടഞ്ഞുവെന്ന പ്രചാരണം ശരിയല്ല. നവംബർ 22-ലെ എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിൽ ഇത്‌ വ്യക്തമാക്കുന്നുണ്ട്. ഭക്തർക്ക് ഒറ്റയ്ക്കോ കൂട്ടമായോ ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമില്ല. യഥാർഥ ഭക്തർക്ക് ഇവിടെ ഒരു തടസ്സവുമില്ല. കലാപകാരികൾക്ക്‌ മാത്രമാണ് തടസ്സം സൃഷ്ടിക്കുന്നത്. ശബരിമലയിൽ ഇപ്പോൾ നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാനത്തിൽ സമുദായസംഘടനകൾക്ക് പങ്ക്

നവോത്ഥാനവുമായി ബന്ധപ്പെട്ട്‌ സാമുദായികസംഘടനകൾ പ്രത്യേക പങ്കുവഹിച്ചിരുന്നു. അതിനാലാണ് അവരെ ചർച്ചയ്ക്ക്‌ ക്ഷണിക്കുന്നത്. വിശ്വാസത്തിന്റെ ഭാഗമായുള്ള നിലപാടാണ് എൻ.എസ്.എസ്. സ്വീകരിച്ചിട്ടുള്ളത്. സർവകക്ഷി യോഗത്തിനുമുന്നോടിയായി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തിലുള്ള സർക്കാർ നിലപാട്‌ താൻ വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.