തിരുവനന്തപുരം: നിലം നികത്തൽ ക്രമപ്പെടുത്താൻ മുൻമന്ത്രി തോമസ് ചാണ്ടി നല്കിയ അപ്പീൽ സർക്കാർ തള്ളി. ആലപ്പുഴയിൽ ലേക്പാലസ് റിസോർട്ടിന് മുന്നിൽ നിലംനികത്തി അനധികൃതമായി നിർമിച്ച പാർക്കിങ് ഗ്രൗണ്ട് പൊളിച്ചുനീക്കണമെന്ന മുൻകളക്ടർ ടി.വി. അനുപമയുടെ ഉത്തരവ് ശരിവെച്ചാണ് കാർഷികോത്‌പാദന കമ്മിഷണറുടെ നടപടി. സ്ഥലം പൂർവസ്ഥിതിയിലാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം തേടാം. ഉത്തരവ് അടുത്തദിവസം പുറത്തിറങ്ങും.

നികത്തിയെടുത്ത സ്ഥലം നെൽവയൽ നീർത്തട സംരക്ഷണ നിയമപ്രകാരം പൂർവസ്ഥിതിയിലാക്കണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. ഇതിനെതിരേ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് കൃഷിവകുപ്പിന് അദ്ദേഹം അപ്പീൽ നല്കിയത്. കളക്ടർ നടത്തിയ ഹിയറിങ്ങും മറ്റുനടപടികളും പരിശോധിച്ചാണ് നിർമാണം ചട്ടവിരുദ്ധമാണെന്ന് കൃഷിവകുപ്പ് കണ്ടെത്തിയത്.

തോമസ്ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെയും സുബ്രഹ്മണ്യ അയ്യരുടെയും പേരിലുള്ള മുക്കാൽ ഏക്കറോളം നിലമാണ് നികത്തി പാർക്കിങ് ഗ്രൗണ്ടും റോഡും നിർമിച്ചത്. ഇതുസംബന്ധിച്ച് ആക്ഷേപം ഉയർന്നതിനെത്തുടർന്നാണ് കളക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. തെളിവെടുപ്പുകൾക്കും ഹിയറിങ്ങുകൾക്കുംശേഷം 2017 ഒക്ടോബറിലാണ് കളക്ടർ റിപ്പോർട്ട് നല്കിയത്. ഇതിനെയാണ് തോമസ് ചാണ്ടി ചോദ്യം ചെയ്തത്.