തിരുവനന്തപുരം: ചിത്തിര ആട്ടത്തിരുനാളിന് നട തുറന്നപ്പോൾ ശബരിമലയിൽ എത്തിയവരിൽ ഇരുന്നൂറോളം പേരെങ്കിലും നേരത്തെ സംഘർഷമുണ്ടായപ്പോൾ ശബരിമലയിൽ ഉണ്ടായിരുന്നവരാണെന്ന് പോലീസ് വിലയിരുത്തൽ. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഇവർ ഇക്കുറിയും ശബരിമലയിൽ എത്തിയിരുന്നതായി പോലീസ് ചൂണ്ടിക്കാട്ടുന്നു. പോലീസ് ഒരുക്കിയ ഫെയ്‌സ് ഡിറ്റക്‌ഷൻ സോഫ്റ്റ്‌ വേറിന്റെ സഹായത്തോടെയാണ് ഇക്കാര്യം വ്യക്തമായത്.

തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോൾ ഉണ്ടായ സംഘർഷത്തിന്റെ വീഡിയോ ഉൾപ്പെടെയുള്ളവ പോലീസ് പരിശോധിക്കുകയും 3700-ഓളം പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇവരിൽ ഭൂരിഭാഗത്തിനും ജാമ്യം ലഭിക്കുകയും ചെയ്തു. ആദ്യവട്ടം സംഘർഷത്തിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങൾ പോലീസിന്റെ ഫെയിസ് ഡിറ്റക്‌ഷൻ സോഫ്റ്റുവേറുകളുമായി ബന്ധപ്പെടുത്തിയാണ് അവരിൽ 200 പേരെങ്കിലും ഇത്തവണയും ശബരിമലയിൽ എത്തിയിരുന്നതായി പോലീസ് ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ഇവർ വീണ്ടും ശബരിമലയിൽ എത്തുന്നതിനെ തടയാനാകില്ലെങ്കിലും ഇവരെ നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ക്യാമറാ ദൃശ്യങ്ങളിൽ ഉൾപ്പെട്ട ഇത്തരക്കാരെ മണ്ഡലകാലത്ത് നടതുറക്കുന്നതിന് മുമ്പുതന്നെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ചിത്തിര ആട്ടത്തിരുനാളിന് നട തുറക്കുന്നതിന് മുന്നോടിയായി പോലീസ് കർശനമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയെങ്കിലും അവ പാളിപ്പോയെന്നും വിലയിരുത്തിയിട്ടുണ്ട്. അതിനാൽ മണ്ഡല തീർത്ഥാടന കാലത്തിന് മുമ്പ് കൂടുതൽ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. അതു കഴിഞ്ഞ ശേഷമാകും സുരക്ഷാ ക്രമീകരണങ്ങൾ അന്തിമ രൂപത്തിലാക്കുകയെന്നാണ് സൂചന. വിശദമായ ചർച്ചകൾക്കായി ഈ മാസം 12ന് ഉന്നതതല യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.