തിരുവനന്തപുരം: പമ്പയിൽ ആരോഗ്യവകുപ്പിന്റെ വനിതാ ഉദ്യോഗസ്ഥരെ തടഞ്ഞതിൽ സുരക്ഷാ ജീവനക്കാരന് വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്.

തുലാമാസപൂജയ്ക്ക് നടതുറക്കുന്നതിന് മുമ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശബരിമലയിൽ വിളിച്ച അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗസ്ഥരുടെ പേരും ജനനത്തീയതിയും ഒപ്പും ഗാർഡ് റൂമിൽ രേഖപ്പെടുത്തിയെന്ന പരാതിയിലായിരുന്നു അന്വേഷണം. ഇതേപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കാൻ മുഖ്യമന്ത്രിയും ദേവസ്വംബോർഡിനോട് നിർദേശിച്ചിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന് വീഴ്ചയുണ്ടായെന്നുകാട്ടി എസ്.പി. പി. ബിജോയ് ആണ് ദേവസ്വംബോർഡിന് റിപ്പോർട്ട് നൽകിയത്. തുടർനടപടിയെടുക്കേണ്ടത് ബോർഡാണ്. വീഡിയോദൃശ്യങ്ങളും നിരീക്ഷണക്യാമറകളും പരിശോധിച്ച വിജിലൻസ് അന്നുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരുടേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തി.

ഒക്ടോബർ 17-ന് രാവിലെയാണ് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ.ജെ. റീന, പ്രാണിജന്യ രോഗ നിയന്ത്രണ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി. മീനാക്ഷി എന്നിവരെ പമ്പയിൽ തടഞ്ഞത്. ഇരുവർക്കും അമ്പതിന്‌ മുകളിലായിരുന്നു പ്രായം. യോഗത്തിൽ പങ്കെടുക്കാൻ രാവിലെ ഉദ്യോഗസ്ഥർ എത്തിയതോടെ പ്രതിഷേധക്കാർ ബഹളംവെച്ചു. ഇവരെ സന്നിധാനത്തേക്ക് പോകാൻ അനുവദിച്ചില്ല.

പിന്നീട് ഗാർഡ് റൂമിൽ ഇവരുടെ പ്രായം സംബന്ധിച്ച രേഖ കാണിച്ച ശേഷമേ കടത്തിവിട്ടുള്ളൂ എന്നായിരുന്നു ആക്ഷേപം. സുപ്രീംകോടതി വിധിയുള്ളതിനാൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളേയും സന്നിധാനത്തേക്ക്‌ കടത്തിവിടാൻ ദേവസ്വംബോർഡ് നിർദേശം നൽകിയിട്ടും ഇവരെ തടയുകയായിരുന്നു.

പമ്പയിൽ സുരക്ഷാജോലിക്കുണ്ടായിരുന്ന മുന്നുപേരിൽ ഒരാളാണ് ഗാർഡ്‌റൂമിൽ ഉണ്ടായിരുന്നത്. പ്രതിഷേധക്കാർ ബഹളംവെച്ചപ്പോൾ വനിതാ ഉദ്യോഗസ്ഥർ സ്വമേധയാ തിരിച്ചറിയൽ രേഖകൾ കാണിക്കുകയായിരുന്നുവെന്നാണ് ജീവനക്കാരൻ വിജിലൻസിനോട് വിശദീകരിച്ചത്. വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു ജീവനക്കാരന്റെ മൊഴി.